ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്ത 11 ദിവസം നീളുന്ന പുസ്തകമേളയിൽ 83 രാജ്യങ്ങളിൽ നിന്നുള്ള ഒന്നരക്കോടിയിലേറെ പുസ്തകങ്ങൾ മേളയിൽ വാങ്ങാനും കാണാനും അവസരമുണ്ടാകും. 83 രാജ്യങ്ങളിൽ നിന്നുള്ള 1,632 പ്രസാധകരാണ് പങ്കെടുക്കുന്നത്.
ആയിരത്തിലേറെ സാംസ്കാരിക പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും. സാഹിത്യകാരൻമാർ, സാംസ്കാരികരാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുമായി നേരിട്ട് സംവദിക്കാനുള്ള വേദികൂടിയായിരിക്കും പുസ്തകമേള. ഇന്ത്യയിൽ നിന്നു അമിതാവ് ഘോഷ്, ചേതൻ ഭഗത്, കേരളത്തിൽ നിന്ന് ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര, പി.എഫ്.മാത്യൂസ് തുടങ്ങിയവരും പങ്കെടുക്കും. മണിഹയ്സ്റ്റ് എന്ന വെബ്സീരിസിൻറെ അണിയറക്കാരുമെത്തും. മലയാളത്തിൽ നിന്നടക്കം ഒട്ടേറെ പ്രസാധകരാണ് ഇന്ത്യൻ പവലിയനിലുള്ളത്.
സ്പെയിനാണ് ഇത്തവണത്തെ അതിഥി രാഷ്ട്രം. വെള്ളിയാഴ്ചകളിൽ വൈകിട്ട് നാലു മുതൽ രാത്രി 10 വരെയും മറ്റുദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയും പൊതുജനങ്ങൾക്ക് ഷാർജ ഇൻറർനാഷണൽ ബുക് ഫെയർ എന്ന വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്ത് സൗജന്യമായി പ്രവേശിക്കാം.