തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്കൂളായി പോത്തൻകോട് ശാന്തിഗിരി വിദ്യാഭവന്. ലോകത്തെ ഏറ്റവും നൂതനമായ വിദ്യാഭ്യാസ പ്ലാറ്റ്ഫോം ആയ യുഎസിലെ ഐ ലേണിങ്ങ് എൻജിൻസും വേദിക് ഇ- സ്കൂളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിര്‍വഹിച്ചു. നവപൂജിതം ആഘോഷപരിപാടികളുടെ ഉദ്ഘാടനചടങ്ങില്‍ വെച്ച് പ്രഖ്യാപന പത്രം വേദിക് സ്കൂള്‍സ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍, ഐ.എല്‍.ഇ എന്‍ജിന്‍സ് വൈസ് പ്രസിഡന്റ് റാം പരമേശ്വര്‍, ഡയറക്ടര്‍ ചെറിയാന് ഫിലിപ്പ്, വേദിക് എ.ഐ.സ്കൂള്‍ ഡയറക്ടര്‍ ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, ഡി.ജി.എം താരു ജേക്കബ്, ശാന്തിഗിരി വിഭ്യാഭവന്‍ പ്രിന്‍സിപ്പാള്‍ ജനനി കൃപ ജ്ഞാന തപസ്വിനി, വൈസ് പ്രിന്‍സിപ്പാള്‍ സ്മിജേഷ്.എസ്.എം, അക്കാദമിക് കോര്‍ഡിനേറ്റര്‍ ദീപ.എസ്.എസ്, ശ്രീജിത്ത് .എസ്.വി, സജീവന് എടക്കാടന്‍, ദിലീപ് .എസ്.ആര്, ജിജിമോള്‍. പി.എം, രാജീവ്.വി എന്നിവര്‍ മുന്‍രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി. 100 വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ ഐ.എ.എസ് പരിശീലനം നല്കുന്ന ‘നവജ്യോതിശ്രീകരുണാകരഗുരു എന്‍ഡോവ്മെന്റ് ‘ പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ളതും ഗുണമേന്മയേറിയതുമായ പഠനാവസരം ഉറപ്പാക്കുന്ന നൂതന പഠനരീതിയാണ് എഐ സ്ക്കൂൾ. സ്ക്കൂൾ സമയം കഴിഞ്ഞും സ്ക്കുൾ വെബ്സൈറ്റ് വഴി സ്കുൾ പഠനത്തിൻ്റെ അതേ അനുഭവം വിദ്യാർത്ഥികൾക്ക് ഇതിലൂടെ ലഭ്യമാകും. 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എഐ സ്ക്കൂളിൻ്റെ പ്രയോജനം ആദ്യ ഘട്ടത്തിൽ ലഭ്യമാകും.