
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ നിയമിച്ചു. നിലവിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയ്ക്ക് പുറമെയാണ് ശക്തികാന്ത ദാസ് കൂടി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നത്.
കേന്ദ്രമന്ത്രിസഭയുടെ നിയമന സമിതിയാണ് ശക്തികാന്ത ദാസിനെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി-2 ആയി നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം പ്രധാനമന്ത്രിയുടെ കാലാവധി തീരുന്നത് വരേയോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരേയോ ആയിരിക്കും കാലാവധി.
തമിഴ്നാട് കേഡറില്‍ നിന്നുള്ള 1980 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസ് 2018 ഡിസംബറിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റത്. ആറ് വര്‍ഷത്തിനുശേഷം 2024-ലാണ് അദ്ദേഹം വിരമിച്ചത്.
ആര്.ബി.ഐ. ഗവര്‍ണര്‍ എന്ന നിലയില്‍ കോവിഡ് മഹാമാരി, റഷ്യ-യുക്രൈന് യുദ്ധം എന്നിങ്ങനെ പല വെല്ലുവിളികളും അദ്ദേഹം നേരിട്ടിരുന്നു. ജി20 ഉച്ചകോടിയിലെ ഇന്ത്യയുടെ ഷെര്‍പ്പ, 15-ാം ഫിനാന്‍സ് കമ്മിഷന് അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
