കോഴിക്കോട്: ഇന്ത്യൻ സൂപ്പർ ലീഗിലെ മലയാള കമൻററിയിലെ സൂപ്പർസ്റ്റാർ ഷൈജു ദാമോദരന് ബുധനാഴ്ച 400ാം മത്സരം. ഐ.എസ്.എല്ലിൽ ഒരു ഭാഷയിലെയും കമന്റേറ്റർക്ക് കൈവരിക്കാനാവാത്ത നേട്ടമാണ് മലയാളത്തിലുള്ള വിവരണത്തിലൂടെ എറണാകുളത്തുകാരനായ ഷൈജു ദാമോദരൻ സ്വന്തമാക്കിയത്. സ്പോർട്സ് ജർണലിസ്റ്റിൽ നിന്ന് മികച്ച കമന്റേറ്റർ പദവിയിലേക്ക് കൂടുമാറിയ ഷൈജുവിന് ധാരാളം ആരാധകർ ഇന്നുണ്ട്.
ഐഎസ്എല്ലിൽ ഒരു ഭാഷയിലെയും കമന്റേറ്റർമാർക്ക് കൈവരിക്കാൻ അകാത്ത നേട്ടമാണ് മലയാളം വിവരണത്തിലൂടെ ഷൈജു കരസ്ഥമാക്കിയത്. ഇന്ന് വാസ്കോയിലെ തിലക് മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്.സിയും ഏറ്റുമുട്ടുമ്പോൾ ഐഎസ്എല്ലിൽ 400 മത്സരങ്ങൾക്ക് കമന്ററി പറഞ്ഞുവെന്ന അസുലഭ നേട്ടം ഷൈജുവിന് സ്വന്തമാകും.
ഷൈജു ആദ്യ സീസൺ മുതൽ ഐ.എസ്.എല്ലിനൊപ്പമുണ്ട്. 2011ൽ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് കമൻററി പറഞ്ഞ് ഈ രംഗത്തെത്തിയ ഇദ്ദേഹം ലോകകപ്പ്, യൂറോ കപ്പ്, വള്ളംകളി തുടങ്ങിയവയിലും തിളങ്ങി. മൊത്തം കമൻററിയുടെ എണ്ണം ആയിരത്തിനടുത്തെത്തും.
2014 ഒക്ടോബർ11ന് അത്ലറ്റികോ ഡി കൊൽക്കത്തയും മുംബൈ സിറ്റി എഫ്.സിയും തമ്മിലുള്ള കളിക്കാണ് ഐ.എസ്.എല്ലിൽ ആദ്യമായി മൈക്കെടുത്തത്. മാർട്ടിൻ ടെയ്ലറാണ് ഷൈജുവിന് ഇഷ്ടപ്പെട്ട കമന്റേറ്റർ. ഇന്ത്യയിൽ ഹർഷ ഭോഗ്ലയും പ്രദീപ് റോയിയുമാണ് ഇഷ്ട കളിവിവരണക്കാർ.