
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാ ഫലം തടഞ്ഞു. പരീക്ഷാ ബോർഡാണ് ഫലം തടഞ്ഞത്. അന്വേഷണ പുരോഗതിക്കനുസരിച്ച് ആവശ്യമെങ്കിൽ ഫലം പിന്നീട് പ്രസിദ്ധീകരിക്കുമെന്നു ബോർഡ് അറിയിച്ചു.
നേരത്തെ വിദ്യാർഥികളെ പരീക്ഷ എഴുതിക്കരുത് എന്ന ആവശ്യം ഉയർന്നിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിർദ്ദേശമനുസരിച്ച് കുട്ടികളെ പരീക്ഷ എഴുതിക്കുകയായിരുന്നു. വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ സുരക്ഷാ സംവിധാനം ഒരുക്കിയാണ് വിദ്യാർഥികളെ പരീക്ഷ എഴുതിച്ചത്. വിദ്യാർഥികളുടെ ജാമ്യ ഹർജി ഈ മാസം 13നു പരിഗണിക്കാനും മാറ്റിയിരുന്നു.
ഫെബ്രുവരിയിലാണ് കേരളത്തെ നടുക്കിയ കൊലപാതകം. ഫെബ്രുവരി 27നു നടന്ന ഏറ്റുമുട്ടലിൽ സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുഹമ്മദ് ഷഹബാസ് (15) മരിച്ചത്. ഒരു സംഘം വിദ്യാർഥികൾ ഷഹബാസിനെ ആസൂത്രിതമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
മാർച്ച് ഒന്നിനാണ് ഷഹബാസ് മരിച്ചത്. വെഴുപ്പൂർ റോഡിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽ പഠിച്ച ആറ് പത്താം ക്ലാസ് വിദ്യാർഥികളാണ് കേസിൽ കുറ്റാരോപിതർ.
