മുംബൈ: ഷാരൂഖ് ഖാന്റെ ‘പത്താൻ’ റിലീസിന് ഒരുങ്ങുകയാണ്. 4 വർഷത്തിന് ശേഷം ഷാരൂഖ് ഖാൻ നായകനായെത്തുന്ന ചിത്രം എന്നതിനാൽ പത്താന്റെ ഓരോ അപ്ഡേറ്റും ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഷാരൂഖ് ഖാൻ തന്റെ കുടുംബാംഗങ്ങൾക്കൊപ്പം ചിത്രം കണ്ടുവെന്ന വാർത്തയാണ് അതിൽ ഏറ്റവും പുതിയ അപ്ഡേറ്റ്.
ചിത്രം ഈ മാസം 25നാണ് റിലീസ് ചെയ്യുന്നതെങ്കിലും ഷാരൂഖ് ഖാന് വേണ്ടി മുംബൈയിൽ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചിരുന്നു. ഭാര്യ ഗൗരി ഖാനും മക്കളായ ആര്യൻ, സുഹാന, അബ്രാം എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘ബേഷരം രംഗ്’ എന്ന ഗാനത്തിലെ ദീപിക പദുക്കോണിന്റെ വസ്ത്രധാരണം വിവാദമായിരുന്നു. കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിന് ദീപിക പദുക്കോണിനെതിരെ സംഘപരിവാർ സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ഇങ്ങനെയൊരു ഗാനരംഗമുള്ള സിനിമ മകൾക്കൊപ്പം കാണുമോ എന്ന് മധ്യപ്രദേശ് നിയമസഭാ സ്പീക്കർ ഗിരീഷ് ഗൗതം നേരത്തെ ചോദിച്ചിരുന്നു. കുടുംബത്തോടൊപ്പം ചിത്രം കാണാനെത്തിയത് ഷാരൂഖിന്റെ ഇതിനുള്ള മറുപടി ആണെന്നാണ് ആരാധകർ പറയുന്നത്.