
കോഴിക്കോട്: പൊലീസ് മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മർദനത്തിൽ ഷാഫിയുടെ മൂക്കിന്റെ ഇടത് വലത് അസ്ഥികള്‍ക്ക് പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മൂന്ന് ദിവസമാണ് ചികിത്സയിൽ കഴിഞ്ഞത്. ഷാഫിക്ക് ഡോക്ടർമാർപൂർണ വിശ്രമം നിർദേശിച്ചിട്ടുണ്ട്. ബുധനാഴ്ച തുടർചികിത്സയ്ക്കായി വീണ്ടും ആശുപത്രിയിലെത്തും. കോഴിക്കോട് പേരാമ്പ്രയില്‍ പൊലീസ് ലാത്തിച്ചാർജിനിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്. പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷമുണ്ടാവുകയും സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതക പ്രയോഗവും ലാത്തിച്ചാർജും നടത്തുകയുമായിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്. കൂടാതെ ലാത്തിച്ചാർജിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. സിപിഎം – യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്.
അതിനിടെ സംഘർഷ സമയത്ത് പൊലീസിന് നേരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞുവെന്ന എല്‍ഡിഎഫ് ആരോപണത്തിൻമേൽ പേരാമ്പ്ര പൊലീസ് അന്വേഷണം തുടങ്ങി, ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് യുഡിഎഫ് പ്രവർത്തകർ പൊലീസിന് നേരെ കുപ്പി എറിയുന്നത് സ്ഥിരീകരിക്കാനായതായി പൊലീസ് പറഞ്ഞു. ഇതിനെ തുടർന്ന് പൊട്ടിത്തെറി നടക്കുന്നതായും ദൃശ്യങ്ങളിൽ ഉണ്ട്. പൊലീസിന്റെ ഗ്രനേഡോ, കണ്ണീർവാതകമോ പ്രയോഗിക്കുമ്പോളുണ്ടാകുന്ന രീതിയിലല്ല സ്ഫോടനത്തിന്റെ ദൃശ്യങ്ങളെന്നും പേരാമ്പ്ര പൊലീസ് അറിയിച്ചു. മേലുദ്യോഗസ്ഥരുടെ ഉത്തരവില്ലാതെയാണ് എംപി ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ പൊലീസ്ലാത്തി പ്രയോഗം നടത്തിയതെന്ന റൂറൽ എസ്പിയുടെ തുറന്നുപറച്ചിലും വിവാദമുണ്ടാക്കിയിട്ടുണ്ട്. കുഴപ്പമുണ്ടാക്കിയവരെ കണ്ടെത്തി ഇവർക്കെതിരെ നടപടിയെടുക്കുമെന്നാണ് റൂറൽ എസ്പി ഇന്നലെ പറഞ്ഞത്. സംഘർഷത്തിൽ ഷാഫി ഉൾപ്പെടെ എഴുന്നൂറോളം പേർക്കെതിരായണ് കേസെടുത്തിട്ടുള്ളത്.
സംഭവത്തെ തുടര്‍ന്ന് വിലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തിയത്. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയും പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. പൊലീസിന്റേത് നരനായാട്ടെന്ന് എംകെ രാഘവൻ പ്രതികരിച്ചു. പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്ന് രമേശ് ചെന്നിത്തലയും ഷാഫി പറമ്പില്‍ എംപിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് കെസി വേണുഗോപാലും പ്രതികരിച്ചു. ഷാഫി പറമ്പില്‍ എംപിക്കെതിരെ നടന്നത് കൊടിയ അക്രമമാണെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി പറഞ്ഞത്. സിപിഎമ്മും പൊലീസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഷാഫിക്കെതിരായ ആക്രമണമെന്നും എങ്ങനെയും കോണ്‍ഗ്രസ് നേതാക്കളെ തെരുവില്‍ ആക്രമിക്കുകയെന്ന ജനാധിപത്യ വിരുദ്ധതയ്ക്ക് സിപിഎം നേതൃത്വം നല്കുമ്പോള്, സംസ്ഥാന സര്‍ക്കാരിന്റെ സകല സംവിധാനങ്ങളും അതിന് കുട പിടിക്കുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
