
മലപ്പുറം: മൈസൂരു രാജീവ് നഗര്‍ സ്വദേശിയായ പാരമ്പര്യ വൈദ്യന് ഷാബാ ഷരെീഫിനെ (50) കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന് അഷ്റഫിന് (37) മഞ്ചേരി അഡീഷനല്‍ സെഷന്‍സ് കോടതി 13 വര്‍ഷവും 9 മാസവും ശിക്ഷ വിധിച്ചു. രണ്ടാം പ്രതിയും ഷൈബിന്റെ മാനേജറുമായ വയനാട് ബത്തേരി പൊന്നക്കാരന്‍ ഷിഹാബുദ്ദീന് (39) 8 വര്‍ഷവും 9 മാസവും ഷൈബിന്റെ കൂട്ടാളിയായ ആറാം പ്രതി നിലമ്പൂര്‍ നടുതൊടിക നിഷാദിന് (32) 5 വര്‍ഷവും 9 മാസവും ശിക്ഷയും വിധിച്ചു.
ഇതു കൂടാതെ ഷൈബിന് 2,45,000 രൂപ പിഴയായും അടയ്ക്കണം. രണ്ടാം പ്രതി 60,000 രൂപയും ആറാം പ്രതി 45,000 രൂപയും പിഴയടയ്ക്കണം. മനഃപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തപ്പെട്ടത്.
മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി രഹസ്യം ചോര്‍ത്താന്‍ 2019 ഓഗസ്റ്റ് ഒന്നിന് മൈസുരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്ന ഷാബാ ഷെരീഫിനെ നിലമ്പൂര്‍ മുക്കട്ടയിലെ ഷൈബിന്റെ വീട്ടില്‍ താമസിപ്പിച്ചു. ഇവിടെ വെച്ച് ഷാബാ ഷെരീഫിനെ കടുത്ത പീഡനങ്ങള്ക്കിരയാക്കിയെങ്കിലും ഒറ്റമൂലി രഹസ്യം വെളിപ്പെടുത്തിയില്ല. തുടര്‍ന്ന് 2020 ഒക്ടോബര്‍ 8ന് ഷാബാ ഷെരീഫിനെ കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കി ചാക്കില്‍കെട്ടി ചാലിയാറില്‍ ഒഴുക്കിയെന്നാണ് കേസ്.
15 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 9 പേരെ കോടതി വിട്ടയച്ചു. ഏഴാം പ്രതി തങ്ങളകത്ത് നൗഷാദ് മാപ്പുസാക്ഷിയായി. പതിനഞ്ചാം പ്രതി ഷമീം ഇപ്പോള്‍ ഒളിവിലാണ്. പതിനാലാം പ്രതി ഒളിവിലായിരിക്കെ ഗോവയില്‍ വൃക്കരോഗം ബാധിച്ചു മരിച്ചു.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ 5 പേര് ആത്മഹത്യാഭീഷണി മുഴക്കിയതോടെയാണ് ഒന്നരവര്‍ഷം ആരുമറിയാതെപോയൊരു കൊലപാതകത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്. 2022 ഏപ്രില്‍ 28നാണ് കേസില്‍ പിന്നീടു മാപ്പുസാക്ഷിയായ നൗഷാദ് അടക്കമുള്ളവര്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. പല കുറ്റകൃത്യങ്ങളിലും തങ്ങളെ പങ്കാളികളാക്കിയ ഷൈബിന് തങ്ങളെ വകവരുത്താന്‍ ശ്രമിക്കുന്നെന്നു പറഞ്ഞായിരുന്നു ആത്മഹത്യാഭീഷണി.
ഇതോടൊപ്പം ഷൈബിന് മുമ്പു നടത്തിയ, തങ്ങളടക്കം പങ്കാളികളായ കുറ്റകൃത്യങ്ങളെക്കുറിച്ചും ഇവര്‍ പറഞ്ഞു. കൊലപാതകത്തെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നതിനു പിന്നാലെ പോലീസ് അന്വേഷണമാരംഭിച്ചു. അധികം വൈകാതെ പ്രതികള്‍ പിടിയിലായി.
ഷൈബിന്റെ ഭാര്യ കൈപ്പഞ്ചേരി ഫസ്ന (31), റിട്ട. എസ്.ഐ. ബത്തേരി കൊളേരി ശിവഗംഗ വീട്ടില്‍ എസ്. സുന്ദരന്‍ (63) എന്നിവരും വിട്ടയച്ച പ്രതികളില്‍ ഉള്‍പ്പെടുന്നു. ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയിലായിരുന്ന ഷൈബിന് കഞ്ചാവ് കേസിലുള്‍പ്പെട്ട് വിദേശത്തുനിന്ന് പുറത്താക്കപ്പെട്ടതോടെ നാട്ടില്‍ ഒരു ആശുപത്രി സ്ഥാപിക്കാനും അതില്‍ മൂലക്കുരു പാരമ്പര്യ ചികിത്സ ആരംഭിക്കാനും പദ്ധതിയിട്ടിരുന്നു. അതിന്റെ ഭാഗമായാണ് ചികിത്സയുടെ ഔഷധക്കൂട്ട് സ്വന്തമാക്കാന്‍ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്നു തടവിലിട്ടത്. എന്നാല്‍ അതു വെളിപ്പെടുത്താന്‍ ഷാബാ ഷെരീഫ് തയാറാകാതെ വന്നതോടെയാണ് മര്‍ദനവും തുടര്‍ന്ന് കൊലപാതവുമുണ്ടായതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മൃതദേഹം ലഭിക്കാതെ വിചാരണ നടത്തി പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തുന്നത് അപൂര്‍വമാണെന്ന് പ്രോസിക്യൂഷന് പറഞ്ഞു. ഷൈബിന്റെ കാറില്‍നിന്നു കിട്ടിയ ഷാബാ ഷെരീഫിന്റെ മുടിയുടെ മൈറ്റോകോണ്ഡ്രിയല് ഡി.എന്‍.എ. പരിശോധനയാണ് കേസിന്റെ പ്രധാന തെളിവായത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.എം. കൃഷ്ണന് നമ്പൂതിരി, എന്‍.ഡി. രജീഷ്, ഇ.എം. നിവേദ് എന്നിവര്‍ ഹാജരായി. അന്നത്തെ ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി. സാജു കെ. എബ്രഹാം, ഇന്‍സ്പെക്ടര്‍ പി. വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.
