ബംഗളുരു: മാസപ്പടി വാങ്ങിയെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിക്കെതിരെ ഉടൻ നടപടിയെടുക്കരുതെന്ന് എസ്.എഫ്.ഐ.ഒയോട് കർണാടക ഹൈക്കോടതി ആവശ്യപ്പെട്ടു,. സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ( എസ്,എഫ്.ഐ.ഒ) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണാ വിജയൻ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. എസ്.എഫ്.ഐ.ഒ ആവശ്യപ്പെട്ട രേഖകൾ നൽകാൻ എക്സാലോജിക്കിനോട് കോടതി നിർദ്ദേശിച്ചു. രേഖകൾ ഹാജരാക്കാൻ സാവകാശം ആവശ്യപ്പെട്ടതിനെ തുടർന്ന് എക്സാലോജിക്കിന് കോടതി ഫെബ്രുവരി 15 വരെ സമയം നൽകി.ഉത്തരവ് ഉണ്ടാകുന്നത് വരെ കടുത്ത നടപടിയെടുക്കരുത്.
അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നുണ്ടോയെന്ന് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് എസ്.എഫ്.ഐ,ഒയുടെ അഭിഭാഷകനോട് ചോദിച്ചു. അറസ്റ്റുണ്ടാകില്ലെന്നായിരുന്നു അഭിഭാഷകൻ മറുപടി നൽകിയത്. തത്കാലം നോട്ടീസ് മാത്രമേ നൽകൂ എന്നും എസ്.എഫ്.ഐ.ഒ അറിയിച്ചു.സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുണ്ടെന്ന് എസ്.എഫ്.ഐ.ഒ കോടതിയെ അറിയിച്ചു. എക്സാലോജിക്കിന് 1.72 കോടി നൽകിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും കമ്പനി സേവനമൊന്നും നൽകിയിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു.എക്സാലോജിക്കിന്റെ ആസ്ഥാനം ബംഗളുരുവിൽ ആയതിനാലാണ് കമ്പനി കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത്. എസ്.എഫ്.ഐ.ഒ ഡയറക്ടറും കേന്ദ്രസർക്കാരുമാണ് എതിർകക്ഷികൾ. കഴിഞ്ഞ ദിവസം ആലുവയിലെ സി.എം.ആർ.എൽ ഓഫീസിലും സംസ്ഥാന സർക്കാരിന്റെ കീഴിലെ കെ.എസ്.ഐ.ഡി.സിയിലും ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.