കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ കയറി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണമെന്ന് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ആരോപിച്ചു. ആംബുലന്‍സില്‍ കയറിയുള്ള എസ്എഫ്ഐക്കാരുടെ മര്‍ദനത്തില്‍ ബിലാല്‍ എന്ന പ്രവര്‍ത്തകനാണ് പരിക്കേറ്റത്. നന്ദകുമാറിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്ന് ബിലാല്‍ ആരോപിച്ചു. ഇന്നലെ മഹാരാജാസ് കോളജില്‍ രാവിലെ പതിനൊന്നുമണിയോടെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ അമല്‍, ബിലാല്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് തൊട്ടടുത്തെ ജനറല്‍ ആശുപത്രിയില്‍ ഇവര്‍ ചികിത്സ തേടിയിരുന്നു. അവിടെ നിന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ആംബുലന്‍സില്‍ കയറി എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആകമിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്കു നേരെ വധശ്രമമുണ്ടായതിനു പിന്നാലെ എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ഇന്നു പുലര്‍ച്ചെയാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുല്‍ റഹ്മാനു കുത്തേറ്റത്. നാസര്‍ ചികിത്സയിലാണ്.
കത്തിക്കുത്തുമായി ബന്ധപ്പെട്ട് 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കെഎസ്യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. വധശ്രമം അടക്കം 9 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. മൂന്നാം വര്‍ഷ ഇംഗ്ലിഷ് വിദ്യാര്‍ഥി അബ്ദുള്‍ മാലിക്കാണ് ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവര്‍ത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആറിലെ വിശദീകരണം. നാടക പരിശീലനത്തിനു ശേഷം കോളജില്‍ നിന്ന് നാസര്‍ അബ്ദുല്‍ റഹ്മാന് ഇറങ്ങുന്നതിനെയാണ് ആക്രമണമുണ്ടായത്.