സംസ്ഥാനത്തെ കലാലയ യൂണിയൻ തിരഞ്ഞെടുപ്പിൽ പൊതുവെ എസ്.എഫ്. ഐക്ക് മുൻതൂക്കമെങ്കിലും വിവിധ സർവകലാശാലകളിലെ കോളേജുകളിൽ എസ്. എഫ് .ഐ തകർന്നത് മാറ്റത്തിന്റെ തുടക്കമായാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ വിശേഷിപ്പിക്കുന്നത്. കണ്ണൂർ, എം.ജി, കാലിക്കറ്റ്, കേരള തുടങ്ങിയ സർവകലാശാലകളിലെല്ലാം എസ്.എഫ്.ഐ തിരിച്ചടി നേരിട്ടപ്പോൾ കെ.എസ്.യു ശക്തമായ തിരിച്ചുവരവ് നടത്തിയത് കോൺഗ്രസിനും ഉണർവേകി. നീണ്ട കാലത്തിനു ശേഷം ഇതാദ്യമായാണ് എസ്.എഫ്.ഐ തിരിച്ചടികൾ നേരിട്ടത്. ഈ വിഷയം എസ്.എഫ്.ഐ നേതൃത്വം മാത്രമല്ല സി.പി.എമ്മും ഗൗരവമായെടുത്തതായാണ് സൂചന. മുൻകാലങ്ങളിൽ മിക്ക കലാലയങ്ങളിലും എസ്.എഫ്.ഐക്കെതിരെ മത്സരിക്കാൻ പോലും വിദ്യാർത്ഥികൾ ധൈര്യപ്പെട്ടിരുന്നില്ല. കെ.എസ്.യുവിന് പുറമെ എ.ഐ.എസ്.എഫും എ.ബി.വി.പി യും പല കലാലയങ്ങളിലും എസ്.എഫ്.ഐ കുത്തക തകർത്തു.കാലിക്കറ്റ് സർവകലാശാലയിലെ മലബാർ ക്രിസ്റ്റ്യൻ കോളേജിലും ഗുരുവായൂരപ്പൻ കോളേജിലും പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജിലും പാലക്കാട് വിക്ടോറിയയിലുമൊക്കെ കെ.എസ്.യു മുന്നേറ്റമുണ്ടായത് എസ്.എഫ്.ഐയെ ചെറുതായൊന്നുമല്ല ഞെട്ടിച്ചത്.
എറണാകുളം മഹാരാജാസിൽ കെ.എസ്.യു ചുരുങ്ങിയ സീറ്റുകളിലെങ്കിലും ജയിച്ചത് ചില്ലറക്കാര്യമല്ല.കേരളസർവകലാശാലയുടെ കീഴിലെ മാർ ഇവാനിയോസിൽ നീണ്ട 24 വർഷങ്ങൾക്ക് ശേഷം മുഴുവൻ സീറ്റിലും കെ.എസ്.യു വിജയിച്ചു.പെരിങ്ങമ്മല ഇക്ബാൽ കോളേജ്,കിളിമാനൂർ ശ്രീശങ്കര, തോന്നയ്ക്കൽ എ.ജെ തുടങ്ങിയിടങ്ങളിൽ കെ.എസ്.യു മുന്നേറ്റം നടത്തി.തിരുവനന്തപുരം ഗവ.ലാ കോളേജിൽ ചെയർമാൻ, ജനറൽ സെക്രട്ടറി,വൈസ് ചെയർമാൻ സ്ഥാനങ്ങളിൽ കെ.എസ്.യു വിജയിച്ചത് എസ്.എഫ്.ഐയെ ഞെട്ടിച്ചു.കൊല്ലം, ആലപ്പുഴ ജില്ലകളിലെ പല കോളേജുകളിലും എസ്.എഫ്.ഐയെ തകർത്ത് കെ.എസ്.യു,എ.ഐ.എസ്.എഫ് സംഘടനാ സ്ഥാനാർത്ഥികൾ വിജയിച്ചു.കൊല്ലത്തെ കൊട്ടാരക്കര എസ്.ജി കോളേജ് കെ.എസ്.യു പിടിച്ചെടുത്തപ്പോൾ കൊട്ടാരക്കര ഐ.എച്ച്.ആർ.ഡി,കൊട്ടിയം എം.എം.എൻ.എസ്.എസ് കോളേജ് യൂണിയനുകൾ എ.ഐ.എസ്.എഫാണ് പിടിച്ചെടുത്തത്. കൊല്ലം എസ്.എൻ കോളേജിൽ മറ്റൊരു സംഘടനയ്ക്കും പ്രവർത്തിക്കാൻ പോലും കഴിയാത്തിടത്ത് ജനറൽ സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും 24 ഓളം സ്ഥാനങ്ങൾ എ.ഐ.എസ്.എഫ് നേടിയത് സി.പി.എമ്മിനും ക്ഷീണമായി.