തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ പലയിടത്തും N95 മാസ്കിന് കടുത്ത ക്ഷാമം. വിപണയിൽ കിട്ടാനില്ലാത്തതിനാലാണ് വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനിടെ കൊവിഡ് ലക്ഷണങ്ങളുമായി എത്തുന്നവരിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രം പരിശോധനക്ക് അയച്ചാൽ മതിയെന്ന നിർദശവും പല ജില്ലകൾക്കും നൽകി കഴിഞ്ഞു.
കൊവിഡ് രോഗികൾ കൂടുതലുള്ള എറണാകുളം ജില്ലയിലാണ് എൻ 95 മാസ്കിന് കടുത്ത ക്ഷാമം. ജനറൽ ആശുപത്രിയിലടക്കം മാസ്ക് കിട്ടാനില്ല. ഇതോടെ ഓപി നടത്തുന്നതടക്കം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മറ്റു ജില്ലകളിലേയും സ്ഥിതി വ്യത്യസ്തമല്ല.
കൂടുതൽ ആരോഗ്യപ്രവർത്തകർ കൊവിഡ് ബാധിതരാകുന്നത് ചികിൽസയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ അവസരത്തിലാണ് മാസ്കുകളെത്തിക്കാൻ കഴിയാതെ സർക്കാർ വലയുന്നത്. ഇങ്ങനെ പോയാൽ നിലവിലുള്ളതിനേക്കാൾ കൂടുതൽ ആരോഗ്യ പ്രവർത്തകർ രോഗ ബാധിതരാകും. രോഗലക്ഷണങ്ങൾ ഉള്ളവർ പോലും മാനദണ്ഡം പാലിച്ച് ഡ്യൂട്ടിയിൽ കയറണമെന്ന നിർദേശം നിലനിൽക്കെ പ്രതിരോധത്തിന് ക്ഷാമം തടസമാകും.
