പ്യോംഗ്യാങ്: ചിരിയും കരച്ചിലും നിരോധിച്ച വിവാദ ഉത്തരവിന് പിന്നാലെ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ വിവാദ ഉത്തരവ്. രാജ്യത്ത് കഴിഞ്ഞ ദിവസം ഏഴു പേരെ വധശിക്ഷയ്ക്കു വിധിച്ചതാണ് ഇപ്പോൾ വീണ്ടും ചർച്ചയായി മാറിയിരിക്കുന്നത്. ദക്ഷിണകൊറിയൻ വീഡിയോകൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് ഉത്തരകൊറിയ ഏഴുപേരെ വധ ശിക്ഷക്ക് വിധേയമാക്കിയെന്ന വിവരമാണ് മനുഷ്യാവകാശ സംഘടന പുറത്തു വിട്ടിരിക്കുന്നത്.
ഉത്തരകൊറിയൻ പരമോന്നത നേതാവ് കിം ജോംഗ് ഉന്നിന്റെ നേതൃത്വത്തിൽ പരസ്യമായി വധശിക്ഷ നടപ്പിലാക്കി എന്നാണ് സിയോൾ കേന്ദ്രീകരിച്ചുള്ള ട്രഡീഷണൽ ജസ്റ്റിസ് വർക്കിംഗ് ഗ്രൂപ്പ് പുറത്തുവിട്ട വിവരങ്ങളിൽ പറയുന്നത്.
കഴിഞ്ഞ മെയ് മാസത്തിൽ ദക്ഷിണ കൊറിയൻ സിനിമകളും സംഗീതവും സീഡിയിലാക്കി വിറ്റഴിച്ച ഒരാളെ ഉത്തരകൊറിയൻ സർക്കാർ വധശിക്ഷക്ക് വിധേയമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വധ ശിക്ഷയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
അന്താരാഷ്ട്രത്തലത്തിൽ രാജ്യത്തിന് മേലുള്ള നിരീക്ഷണം വർദ്ധിച്ചതിനാൽ കിം ജോങ് ഉൻ ഭരണകൂടം മനുഷ്യാവകാശ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇതിന്റെ അർത്ഥം അവിടെ മനുഷ്യാവകാശ സ്ഥിതി മെച്ചപ്പെടുന്നു എന്നല്ല. മുൻപത്തെ പോലെ പരസ്യമായി വധ ശിക്ഷ ഉൾപ്പെടെ നടക്കുന്നില്ല എന്ന് മാത്രം. എന്നാൽ ഉത്തരകൊറിയയിൽ കഴിഞ്ഞ വർഷം 27 പേരെ വധശിക്ഷക്ക് വിധേയമാക്കി. അതിൽ കൂടുതൽപേരും മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റ കൃത്യങ്ങളുമായി ബന്ധപ്പെട്ടവരാണെന്നും പുറത്ത് വന്ന വിവരങ്ങളിൽ പറയുന്നു.