മിനിസോട്ട: ഹൊണ്ടൂറസ് ടൗണിൽ നിന്നും അമേരിക്കയിലെ മൂർഹെഡ്ലേക്കു കുടിയേറിയ ഒരു കുടുംബത്തിലെ 3 കുട്ടികൾപ്പെടെ ഏഴു പേരെ താമസിച്ചിരുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡിസംബർ 19 ഞായറാഴ്ച അതിരാവിലെ വെൽഫെയർ ചെക്കിനെത്തിയ ഉദ്യോഗസ്ഥരാണു വീട്ടിനകത്തു മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഗ്യാസ് ലീക്കോ കാർബൻ മോണോസൈയ്ഡ് ശ്വസിച്ചതാണോ മരണകാരണമെന്നു പറയാൻ അധികൃതർ വിസമ്മതിച്ചു. മൃതദേഹങ്ങൾ ജന്മദേശമായ ഹൊണ്ടൂറസിലേക്കു കൊണ്ടുപോകുമെന്നു ബന്ധുക്കൾ പറഞ്ഞു. അതിനാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനു ഗോ ഫണ്ട് മീ ആരംഭിച്ചിട്ടുണ്ട്. 50,000 ഡോളറാണു പ്രതീക്ഷിക്കുന്നത്.
ബെലിൻ ഹെർനാണ്ടസ് (37), മാർലെനി പിന്റൊ (34), ബെർലിൻ ഹെർനാണ്ടസ് (16), മൈക്ക് ഹെർനാണ്ടസ് (7), മാർബെലി ഹെർനാണ്ടസ് (5), എൽഡോർ ഹെർനാണ്ടസ് (32), മാരിയേല ഗുസ്മാൻ പിന്റൊ (19) എന്നിവരാണു മരിച്ചവർ.വീട്ടിനകത്തേക്ക് ആരെങ്കിലും കടന്നു കയറിയതിന്റെയോ പരുക്കുകൾ പറ്റിയതിന്റെയോ തെളിവുകൾ ഒന്നും ഇല്ലെന്നും മരണകാരണം ഓട്ടോപ്സിക്കു ശേഷം മാത്രമേ വെളിപ്പെടുത്താനാകൂ എന്നും പൊലിസ് പറഞ്ഞു.