ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ഹിമപാതത്തിൽപ്പെട്ട് ഏഴ് സൈനികരെ കാണാനില്ല. സംസ്ഥാനത്തെ വടക്കുകിഴക്കൻ മേഖലയായ കാമെങ് സെക്ടറിൽ വെച്ചാണ് ഇവരെ കാണാതായത്. സൈനികർക്കായുള്ള തിരച്ചിൽ ആരംഭിച്ചതായും കൂടുതൽ സൈന്യത്തെ പ്രദേശത്ത് വിന്യസിച്ചതായും ഇന്ത്യൻ സൈന്യം അറിയിച്ചു. ഇന്നലെയാണ് സൈനികരെ കാണാതാകുന്നത്.
പ്രദേശത്ത് പട്രോളിങ്ങിനെത്തിയ സൈനികരാണ് ഹിമപാതത്തിൽ കുടുങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയ്ക്കൊപ്പം തന്നെ പ്രതികൂല കാലാവസ്ഥയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. കാണാതായ സൈനികർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ശൈത്യകാലത്ത് ഉയർന്ന പ്രദേശങ്ങളിൽ പട്രോളിംഗ് നടത്തുന്നത് പ്രയാസമേറിയ കാര്യമാണ്. നേരത്തെ ഇത്തരം സംഭവങ്ങളിൽപ്പെട്ട് സൈനികരെ നഷ്ടപ്പെട്ടിട്ടുണ്ട്. 2020 മെയിൽ, പട്രോളിംഗ് കം-സ്നോ ക്ലിയറിംഗിന്റെ ഭാഗമായ രണ്ട് സൈനികർ സിക്കിമിലെ ഹിമപാതത്തിൽ കുടുങ്ങി മരിച്ചിരുന്നു.