
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തിരിച്ചടി. കിഫ്ബി ചെയര്മാന് എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ എം എബ്രഹാം എന്നിവർക്കെതിരായ നോട്ടീസും ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കിഫ്ബിക്കെതിരായ നോട്ടീസ് കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അഡ്ജുഡിക്കേഷൻ അതോറിറ്റിയുടെ നോട്ടീസിനെതിരെ ഇന്നലെയാണ് മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിച്ചത്. ഇഡി നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. മസാല ബോണ്ട് ഇടപാടിൽ ഫെമ ചട്ട ലംഘനം നടന്നിട്ടില്ലെന്ന് ഹര്‍ജിയിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ഇഡി നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് ഹര്‍ജിയിലെ വാദം
മസാല ബോണ്ട് കേസിൽ ഇഡി കിഫ്ബിക്ക് നൽകിയ നോട്ടീസ് കഴിഞ്ഞ ദിവസം ഹൈക്കോടതി മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഇഡി അപ്പീല്‍ നല്‍കിയിട്ടുണ്ട്. സിംഗിള്‍ ബഞ്ച് അധികാര പരിധി മറികടന്നാണ് നോട്ടീസ് സ്റ്റേ ചെയ്തതെന്ന് ഡിവിഷന് ബെഞ്ചില്‍ നല്കിയ അപ്പീലില്‍ ഇഡി ചൂണ്ടിക്കാട്ടുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. മസാല ബോണ്ടിലൂടെ സമാഹരിച്ച പണം ഫെമ ചട്ടങ്ങള്‍ ലംഘിച്ചാണ് ചെലവിട്ടത് എന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ടാണ് ഇഡി അഡ്ജൂഡിക്കേറ്റിംഗ് അതോറിറ്റി മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇഡി നടപടി രാഷ്ട്രീയ പ്രേരിതമെന്നാരോപിച്ച് കിഫ്ബി ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് നോട്ടീസിന്മേലുള്ള തുടര്‍ നടപടികള്‍ മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു.


