
ഇംഫാൽ : മണിപ്പൂരിൽ ബി.ജെ.പിയെ ഞെട്ടിച്ച് സഖ്യകക്ഷിയായ നിതീഷ് കുമാറിന്റെ ജെ,ഡി.യുവിന്റെ നീക്കം. എൻ. ബിരേൻസിംഗ് നയിക്കുന്ന ബി.ജെ.പി സർക്കാരിനുള്ള പിൻവലിക്കുന്നതായി ജെ.ഡി.യു സംസ്ഥാന അദ്ധ്യക്ഷൻ അറിയിച്ചു. ജെ.ഡി.യുവിന് മണിപ്പൂർ നിയമസഭയിൽ ഒരംഗമാണ് ഉള്ളത്. പിന്തുണ പിൻവലിച്ചത് സർക്കാരിന് പ്രതിസന്ധി സൃഷ്ടിക്കില്ല.
അതേസമയം സംസ്ഥാന ഘടകത്തിന്റെ നീക്കം ദേശീയനേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് ജെ.ഡി.യു ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദ് വ്യക്തമാക്കി. ജെ.ഡി,യു എൻ.ഡി.എ സഖ്യത്തിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന പ്രസിഡന്റിന്റെ നീക്കം ഏകപക്ഷീയമാണെന്നും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും രാജീവ് രഞ്ജൻ പ്രസാദ് അറിയിച്ചു.
കോൺറാഡ് സാഗ്മ അദ്ധ്യക്ഷനായ നാഷണൽ പീപ്പിൾസ് പാർട്ടിയും നേരത്തെ മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. 2022ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജെ.ഡി.യുവിന് മണിപ്പൂരിൽ 6 സീറ്റുകൾ ലഭിച്ചിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം അഞ്ച് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. 60 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 37 അംഗങ്ങളാണുള്ളത്. നാഗാ പീപ്പിൾസ് പാർട്ടിയുടെ അഞ്ച് എം.എൽ.എമാരും 3 സ്വതന്ത്രരും സർക്കാരിന് പിന്തുണ നൽകുന്നു. നിലവിൽ ലോക്സഭയിൽ ജെ.ഡി.യുവിന് 12 എം.പിമാരാണുള്ളത്.
