തിരുവനന്തപുരം: ഓണത്തിനു മുന്നോടിയായുള്ള 2 മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 1000 കോടി രൂപ കടമെടുക്കും. ഖജനാവ് കാലിയായി വീണ്ടും കടമെടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. മേയ്, ജൂൺ മാസങ്ങളിലെ പെൻഷനാണ് ഈ തുക കൊണ്ട് വിതരണം ചെയ്യുക. ഓണത്തോടനുബന്ധിച്ചുള്ള മറ്റു ചെലവുകൾക്കായി 2000 കോടി രൂപ കൂടി ഉടൻ കടമെടുക്കും.അതേസമയം സംസ്ഥനത്ത് ക്ഷേമ നിധി പെൻഷൻ നൽകുന്നതിൽ ഗുരുതര വീഴ്ച്ചയാണ് സംസ്ഥാന സർക്കാർ വരുത്തുന്നത്. കേരളത്തിൽ 60 വയസുകഴിഞ്ഞ മൂന്നര ലക്ഷത്തിൽ അധികം തൊഴിലാളികളാണ് പെൻഷൻ തുക ലഭിക്കാനായി സർക്കാരിന് മുന്നിൽ യാചിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ മുതലുള്ള പെൻഷൻ തുക നൽകുന്നതിൽ കുറ്റകരമായ അനാസ്ഥയാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.മഴയും വെയിലുമേറ്റ് കഷ്ടപ്പെട്ട് ലഭിച്ച തുകയിൽ നിന്നും അംശാദായം അടച്ച കേരളത്തിലെ മൂന്നര ലക്ഷത്തിൽ അധികം തൊഴിലാളികളാണ് സർക്കാരിന്റെ കനിവ് കാത്തിരിക്കുന്നത്. 2022 ഡിസംബർ മാസം മുതലുള്ള പെൻഷൻ തുകയാണ് സർക്കാർ ഇവർക്ക് നൽകാനുള്ളത്.