വാഷിംഗ്ടന്‍: പാക്കിസ്ഥാന് സര്‍ക്കാര്‍ ഭീകരവാദികളേയും വിധ്വംസപ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് അമേരിക്കയിലെ എക്സ്പോസ് പാക്കിസ്ഥാന് ക്യാമ്പയിന് കമ്മിറ്റി വാഷിംങ്ടന്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു. ‘ടെററിസ്റ്റ് സ്റ്റേറ്റ്’ പാക്കിസ്ഥാന് എന്ന ബാനറും പിടിച്ചു നിരവധി പേരാണ് റാലിയില്‍ പങ്കെടുത്തത്.
ഇന്ത്യയില്‍ കാശ്മീരിലും അഫ്ഗാനിസ്ഥാനിലും നിരോധിക്കപ്പെട്ട ഭീകരവാദ സംഘടനകളെ പാക്കിസ്ഥാന് പ്രോത്സാഹിപ്പിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ പ്രകടനക്കാര്‍ യുഎസും സഖ്യ കക്ഷികളും പാക്കിസ്ഥാന് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. യുഎസ് ഗവണ്മെന്റ് ഇതിന് നേതൃത്വം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ആഗസ്റ്റ് 14 എന്നത് സ്വാതന്ത്ര്യദിനമല്ലെന്നും പാകിസ്ഥാന് ബലപ്രയോഗത്തിലൂടെ ബലൂചിസ്ഥാന്‍ വെട്ടിപിടിച്ചതും പഷ്തൂണിലും , അഫ്ഗാനിസ്ഥാനിലും അവരുടെ സാംസ്കാരിക പാരമ്പര്യം തകര്‍ക്കും വിധം ഇസ്ലാമിക ടെററിസം നടപ്പിലാക്കുന്നതുമായ ദിവസമാണെന്നും പ്രകടനക്കാര്‍ വിളിച്ചു പറഞ്ഞിരുന്നു.
അഫ്ഗാനിസ്ഥാനിലെ പാക്കിസ്ഥാന് സ്പോണ്‍സേര്‍ഡ് ഭീകരവാദത്തിനെതിരെ പോരാടി നിരവധി അമേരിക്കന്‍ സൈനീകര്‍ ജീവിതം ത്യാഗം ചെയ്യേണ്ടി വന്നിട്ടുണ്ട്. താലിബാന്- പാക്കിസ്ഥാന്- ചൈന- ഇറാന്- തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന അച്ചുതണ്ട് വരുന്ന വര്‍ഷങ്ങളില്‍ ജനാധിപത്യ രാജ്യങ്ങള്‍ക്കു ഭീഷിണിയാകുമെന്നും പ്രകടനക്കാര്‍ പറഞ്ഞു.
പാക്കിസ്ഥാന് രാജ്യാന്തര സംഘം നല്കുന്ന ആയുധ വില്‍പ്പന നിരോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ബലുചിസ്ഥാന് നാഷനല്‍ മൂവ്മെന്റ്, ഹ്യൂമണ്‍ റൈറ്റ്സ് കോണ്‍ഗ്രസ് ഫോര്‍ ബംഗ്ലാദേശ് തുടങ്ങിയ സംഘടനകളാണ് വാഷിംങ്ടന്‍ എംബസിക്ക് മുമ്പില്‍ നടന്ന റാലികള്‍ക്ക് നേതൃത്വം നല്‍കിയത്.