ലോസ് ഏഞ്ചൽസ്: യുഎസ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടത്തിയ സീരിയൽ കില്ലർ സാമുവൽ ലിറ്റിൽ(80) കാലിഫോർണിയയിൽ അന്തരിച്ചു. 1970 നും 2005 നും ഇടയിൽ പത്തൊന്‍പത് സംസ്ഥാനങ്ങളിലായി 93 കൊലപാതകങ്ങളാണ് ഇയാള്‍ നടത്തിയത്. ലൈംഗിക തൊഴിലാളികളും മയക്കുമരുന്നിന് അടിപ്പെട്ടവരും കറുത്ത വര്‍ഗക്കാരായ സ്ത്രീകളുമാണ് സാമുവല്‍ കൊലപ്പെടുത്തിയവരില്‍ ഭൂരിഭാഗവും.
93 പേരെ കൊലപ്പെടുത്തിയെന്ന് സാമുവല്‍ ലിറ്റില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.ഇയാള്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ ഈ കൊലപാതകങ്ങളില്‍ പലതും ഒരിക്കലും തെളിയിക്കപ്പെടില്ലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. കാലിഫോര്‍ണിയയിലെ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയായിരുന്നു സാമുവലിന്റെ മരണം.
സാമുവല്‍ കൊലപ്പെടുത്തിയെന്ന് പറയുന്നവരില്‍ പലരെയും പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. 2014ല്‍ ഡി.എന്‍.എ തെളിവുകളുടെ അടിസ്ഥാനത്തില്‍ മൂന്ന് കേസുകളില്‍ ഇയാളെ ശിക്ഷിച്ചിരുന്നു. എന്നാല്‍ അപ്പോഴെല്ലാം നിരപരാധിയാണെന്നാണ് സാമുവല്‍ പറഞ്ഞിരുന്നത്. അവസാനകാലത്താണ് സാമുവല്‍ കൂടുതല്‍ കേസുകളില്‍ കുറ്റസമ്മതം നടത്തിയിരുന്നത്.