ബാഴ്സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ അര്‍ജന്റീനിയന്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് വിരമിക്കല്‍. ബുധനാഴ്ച നൗ ക്യാമ്പില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താരം തന്നെയാണ് വിരമിക്കുന്നതായി അറിയിച്ചത്. നിറകണ്ണുകളോടെയാണ് അഗ്യൂറോ തന്റെ തീരുമാനം പ്രഖ്യാപിച്ചത്. ബാഴ്സലോണ പ്രസിഡന്റ് ജൊവാന് ലപോര്‍ട്ടയും താരത്തിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളാണ് അഗ്യൂറോയുടെ വിരമിക്കലിലേക്ക് നയിച്ചത്. ഒക്ടോബറില്‍ ലാ ലിഗയില്‍ അലാവസുമായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ ഹൃദയ സംബന്ധമായ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ കണ്ടെത്തിയതിനാല്‍ താരം കളിയവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അലാവസുമായ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ട അഗ്യൂറോ തന്നെ പിന്‍വലിക്കണമെന്ന് ബാഴ്സ ബെഞ്ചിനെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ താരം നെഞ്ചില്‍ കൈവെച്ച് മൈതാനത്ത് കിടന്നു. ഉടന്‍ തന്നെ ബാര്‍സയുടെ മെഡിക്കല്‍ ടീം ഗ്രൗണ്ടിലിറങ്ങി അര്‍ജന്റീന താരത്തെ പരിശോധിച്ചു. സ്ട്രെച്ചര്‍ കൊണ്ടുവന്നെങ്കിലും അതില്‍ കിടന്ന് മൈതാനത്തിനു പുറത്തുപോകാന്‍ വിസമ്മതിച്ച താരം മെഡിക്കല്‍ സംഘത്തിനൊപ്പം പതിയെ നടന്ന് പുറത്തേക്ക് പോകുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ താരത്തിന്റെ ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഗുരുതരമാണെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.