മുംബൈ: പുതുവര്‍ഷത്തിന്റെ രണ്ടാം ദിവസം കുതിച്ചു ഉയര്‍ന്ന് ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്സ് ആയിരത്തിലധികം പോയിന്റാണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിഫ്റ്റി 24000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്.
വ്യാപാരത്തിന്റെ തുടക്കത്തില്‍ നേരിയ മുന്നേറ്റമാണ് ഓഹരി വിപണി കാഴ്ചവെച്ചത്. എന്നാല്‍ ഉച്ചയോട് അടുത്തപ്പോള്‍ ഓഹരി വിപണിയില്‍ കുതിച്ചുചാട്ടമാണ് ദൃശ്യമായത്. ബാങ്ക്, ഐടി ഓഹരികള്‍ വാങ്ങി കൂട്ടിയതാണ് വിപണിയുടെ മുന്നേറ്റത്തിന് കാരണം. ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസം തുടരുന്നതാണ് വിപണിയെ സഹായിച്ചതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഇതിന് പുറമേ ആരോഗ്യകരമായ ജിഎസ്ടി പിരിവും വിപണിയെ പിന്തുണച്ചു. ഡിസംബറിലെ ജിഎസ്ടി പിരിവില്‍ 7.3 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 1.77 ലക്ഷം കോടി രൂപയായാണ് ജിഎസ്ടി പിരിവ് ഉയര്‍ന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയാണ് ജിഎസ് ടി പിരിവില്‍ കാണിക്കുന്നത് എന്ന വിലയിരുത്തലാണ് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്.
കൂടാതെ കമ്പനികളുടെ മൂന്നാം പാദ കണക്കുകള്‍ അടുത്ത ദിവസം മുതല്‍ വന്നുതുടങ്ങും. ഇത്തവണ കമ്പനികളുടെ പ്രകടനം കൂടുതല്‍ മെച്ചപ്പെട്ടതായിരിക്കുമെന്ന നിക്ഷേപകരുടെ ശുഭാപ്തി വിശ്വാസവും വിപണിയില്‍ പ്രതിഫലിച്ചതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മാരുതി സുസുക്കി, ബജാജ് ഫിനാന്‍സ്, റിലയന്‍സ്, എംആന്റ് എം ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.