
മുംബൈ: ഇന്നലെ വലിയ മുന്നേറ്റം കാഴ്ചവെച്ച ഓഹരി വിപണിയില്‍ ഇന്ന് കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്സ് 700 പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ 77000ല്‍ താഴെയാണ് സെന്‍സെക്സില്‍ വ്യാപാരം നടക്കുന്നത്. ഇന്നലെ 2500ലധികം പോയിന്റ് ആണ് സെന്‍സെക്സ് മുന്നേറിയത്.
ഭൗമ രാഷ്ട്രീയ രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവും ലെബനനില്‍ ഇസ്രയേല്‍ ബോംബ് വര്‍ഷം തുടര്‍ന്നാല്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറുമെന്ന ഇറാന്റെ ഭീഷണിയുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇന്നലെ ഹോര്‍മുസ് കടലിടുക്ക് വൈകാതെ തന്നെ തുറക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇതിന്റെ ഫലമായി എണ്ണവില കുത്തനെ ഇടിഞ്ഞതും ഇന്നലെ വിപണിക്ക് കരുത്തായി. എന്നാല്‍ ഇസ്രയേലിന്റെ ആക്രമണത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷം വീണ്ടും ഉടലെടുത്തത് എണ്ണവില വീണ്ടും ഉയരാന്‍ ഇടയാക്കിയിരിക്കുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 97 ഡോളറിലേക്ക് അടുക്കുകയാണ്.
ഇന്ത്യന്‍ ഓഹരി വിപണിയിലെ 16 പ്രധാന സെക്ടറുകളില്‍ 11 എണ്ണവും നഷ്ടത്തിലാണ്. ഫിനാന്‍ഷ്യല്‍ സ്റ്റോക്ക്സ് ഒരു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ലാര്‍സന്‍, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, എച്ച്ഡിഎഫ്സി ബാങ്ക്, ജിയോ ഫിനാന്‍ഷ്യല്‍, ശ്രീറാം ഫിനാന്‍സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.


