കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 28 മുതല്‍ 31 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിക്കുന്ന സ്വാശ്രയസംഘ മഹോത്സവത്തിന് മുന്നോടിയായി കെ.എസ്.എസ്.എസ് സ്വാശ്രയസംഘ ഫെഡറേഷന് ഭാരവാഹികളുടെ മീറ്റിംഗ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച മീറ്റിംഗിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മലങ്കര സഹായ മെത്രാന് ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ഫെഡറേഷന് ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു. മീറ്റിംഗിനോടനുബന്ധിച്ച് സ്വാശ്രയസംഘ മഹോത്സവത്തോടനുബന്ധിച്ച് നടത്തേണ്ട വിവിധങ്ങളായ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കുകയും രൂപരേഖ തയ്യാറാക്കുകയും ചെയ്തു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നായുള്ള കെ.എസ്.എസ്.എസ് സ്വാശ്രയസംഘ കേന്ദ്രതല ഫെഡറേഷന് ഭാരവാഹികള്‍ മീറ്റിംഗില്‍ പങ്കെടുത്തു. കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങളുടെ വാര്ഷികകൂടിവരവിന് അവസരമൊരുക്കുന്നതോടൊപ്പം പൊതുസമൂഹത്തിന് വിജ്ഞാനവും വിനോദവും പകരുന്ന ക്രമീകരണങ്ങളോടെയാണ് സ്വാശ്രയസംഘ മഹോത്സവം അണിയിച്ചൊരുക്കുന്നത്.