
കൽപ്പറ്റ: വയനാട്ടിൽ ഹെെബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ. കണ്ണൂർ അഞ്ചാംപീടിക സ്വദേശികളായ കീരിരകത്ത് വീട്ടിൽ കെ ഫസൽ, തളിപറമ്പ് സ്വദേശിനിയായ കെ ഷിൻസിത എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 20.80 ഗ്രാം ഹെെബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്.ഇവർ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറും 96,290 രൂപയും മൊബെെൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. കാറിന്റെ ഡിക്കിയിൽ രണ്ടുകവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇന്നലെ മൊതക്കര വച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഉപയോഗത്തിനും വിൽപനയ്ക്കുമായി ബംഗളൂരുവിൽ നിന്ന് വാങ്ങിയതാണെന്ന് ഇവർ പൊലീസിന് മൊഴി നൽകി.
അതേസമയം, തോട്ടക്കാട്ടുകര മിനി മാർക്കറ്റ് കേന്ദ്രീകരിച്ച് അനധികൃത വിദേശമദ്യ കച്ചവടം നടത്തിയ കിഴക്കേ കടുങ്ങല്ലൂർ കര മറ്റൂപ്പടിക്ക് സമീപം ചക്കാലകത്തൂട്ട് വീട്ടിൽ സക്കീർ ഹുസൈനെ (49) എക്സൈസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 13 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും വില്പനയ്ക്ക് ഉപയോഗിച്ച ഇരുചക്ര വാഹനവും പിടിച്ചെടുത്തു.പറവൂർ കവലയിലെ ഇരുചക്ര വാഹന ഷോറൂമുകളിലെ കയറ്റിയിറക്ക് തൊഴിലാളിയാണ്. ആലുവ എക്സൈസ് ഇൻസ്പെക്ടർ ജോമോൻ ജോർജും സംഘവുമാണ് ഇയാളെ കസ്റ്റഡിയിലെടുത്ത്. അസി. എക്സൈസ് ഇൻസ്പെക്ടർ എസ്.ഐ സനിൽകുമാർ, പ്രിവെന്റീവ് ഓഫീസർ ഒ.എസ്. ജഗദീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അമൃത് കരുൺ, ബേസിൽ കെ. തോമസ്, എം.കെ. അരുൺകുമാർ, അഖിൽ ലാൽ, ടി.ജെ. നിതിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ നീരജ വിശ്വനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
