മനാമ: ബഹ്റൈനിലെ സ്കൂളുകൾ ഈ കൊല്ലത്തെ രണ്ടര മാസത്തെ വേനൽ അവധിക്ക് ശേഷം തുറന്നു. വേനൽ അവധിക്ക് നാട്ടിലേക്ക് പോയ മുഴുവൻ കുടുംബങ്ങളും ഇതുവരേക്കും ബഹ്റൈനിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഉയർന്ന വിമാനനിരക്ക് തന്നെ കാരണം. വൺവേ ടിക്കറ്റ് എടുത്താണ് കൂടുതൽ കുടുംബങ്ങളും ഇത്തവണ നാട്ടിലേക്ക് പോയത്. അടുത്ത ആഴ്ചകളിൽ വിമാനനിരക്ക് കുറയുന്ന മുറക്ക് കുടുംബങ്ങൾ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തവണത്തെ വേനൽ ചൂട് മുൻവർഷത്തിനേക്കാൾ കൂടുതലാണ് ബഹ്റൈനിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നത്.
സ്കൂളുകളിൽ ഒഴിവ് വന്നിരുന്ന സീറ്റുകളിലേക്ക് പുതിയ കുട്ടികൾക്ക് പ്രവേശനം നൽകി എന്നാലും നിരവധി കുട്ടികൾ ഇപ്പോഴും അഡ്മിഷൻ കിട്ടാതെ കാത്തിരിക്കുകയാണ്. രക്ഷിതാക്കൾ അഡ്മിഷൻ വേണ്ടി നെട്ടോട്ടമോടുന്ന ഒരു സ്ഥിതിയാണ് ഇപ്പോൾ ബഹ്റൈനിലുള്ളത്. ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകൾക്ക് നിഷ്കർഷിച്ചിട്ടുള്ള സീറ്റുകളിൽ മാത്രമേ പുതിയ കുട്ടികൾക്കുള്ള പ്രവേശനം നൽകാനാവൂ എന്നുള്ളതാണ് കാരണം. വിദേശരാജ്യങ്ങളിൽ നിന്നും വരുന്ന കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ അതാത് രാജ്യത്തെ അറ്റസ്റ്റേഷൻ ചെയ്യേണ്ടത് നിർബന്ധമാണ്. ഇതറിയാത്ത നിരവധി രക്ഷിതാക്കൾസ്കൂളിൽ എത്തുമ്പോൾ മാത്രമാണ് ഇക്കാര്യം അറിയുന്നത്. എന്നിരുന്നാലും പല സ്കൂളുകളും ഇക്കാര്യത്തിൽ ഇടപെടുമ്പോൾ അനുകൂലമായ നിലപാട് സ്വീകരിക്കുന്നുണ്ട്.