
കൊല്ലം: കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അങ്ങേയറ്റം കുറ്റബോധമുണ്ടെന്ന് സ്കൂള്‍ മാനേജര്‍. വിദ്യാഭ്യാസ വകുപ്പ് നൽകിയ നോട്ടീസിന് മറുപടി നൽകുമെന്നും ഏതു നടപടിയും നേരിടാൻ ഒരുക്കമാണെന്നും സ്കൂള്‍ മാനേജര്‍ മുരളീധരൻ പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുന്റെ മരണത്തിൽ എല്ലാവര്ക്കും കുറ്റബോധമുണ്ട്. ഒന്നിനെയും ന്യായീകരിക്കാൻ ശ്രമിക്കുകയല്ല. സംഭവത്തിൽ പ്രധാനാധ്യാപികയെ ബലിയാടാക്കിയെന്ന ആക്ഷേപം ശരിയല്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. വിശദീകരണം നൽകാനായി മൂന്നു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
അതിനുള്ളിൽ മറുപടി നൽകും. അന്വേഷണം നടക്കുന്നുണ്ട്. അതിനനുസരിച്ച് വീഴ്ചകള്‍ കണ്ടെത്തി തക്കതായ നടപടിയെടുക്കും. എന്തു നടപടിയുണ്ടായാലും അത് ഏറ്റുവാങ്ങാൻ തയ്യാറാണ്. ലൈൻ മാറ്റാത്തതിലടക്കം ആരെയും ന്യായീകരിക്കുന്നില്ലെന്നും മാനേജര്‍ പറഞ്ഞു. മിഥുന്റെ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങളെല്ലാം ചെയ്തിട്ടുണ്ട്. 11മണിയോടെ സ്കൂളിൽ മൃതദേഹം എത്തിച്ച് 12.30വരെ പൊതുദര്‍ശനം നടക്കും. വൈകിട്ട് നാലിനായിരിക്കും സംസ്കാരം നടക്കുക. വേദനാജനകമായ സംഭവമാണ് നടന്നത്. കുറ്റബോധത്താൽ തലതാഴ്ത്തി നിൽക്കുന്ന അവസ്ഥയാണുള്ളത്.
ആരും കടന്നുചെല്ലാത്ത ഭാഗത്തുകൂടെയാണ് നിര്‍ഭാഗ്യവശാൽ കുട്ടിപോയത്. ഇന്നുവരെ കുട്ടികള്‍ അത്തരത്തിൽ കയറിപോകാൻ ശ്രമിക്കാത്ത സ്ഥലമാണ്. നിര്‍ഭാഗ്യവശലാൽ ഇങ്ങനെയൊരു അപകടം സംഭവിച്ചുപോയി. സ്കൂളിന്റെ പിന്‍ഭാഗത്താണ് സംഭവം നടക്കുന്നത്. എട്ടുവര്‍ഷത്തോളം മുമ്പാണ് സൈക്കിള്‍ ഷെഡ്ഡ് കെട്ടിയത്. ഒരോ വര്‍ഷവും ഫിറ്റ്നസ് നൽകുന്നതാണ്. ഇതുസംബന്ധിച്ച് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് കരുതുന്നത്. ലൈൻ മാറ്റി കേബിളിടാൻ തീരുമാനിച്ചതാണ്. അതിനിടയിലാണ് ഇത്തരമൊരു നിര്‍ഭാഗ്യകരമായ സംഭവമുണ്ടായതെന്നും സ്കൂള്‍ മാനേജര്‍ പറഞ്ഞു.
അതേസമയം, സ്കൂൾ മാനേജർക്ക് സംഭവത്തിൽ നോട്ടീസ് നൽകിയെന്നും ഇന്നലെ ഡെപ്യൂട്ടി ഡയറക്ടർമാരുടെ യോഗം ചേർന്നുവെന്നും കൊല്ലത്തേത് പോലുള്ള കാര്യങ്ങൾ എവിടെയെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കാൻ നിർദേശിച്ചുവെന്നും മന്ത്രി ശിവൻ കുട്ടി പറഞ്ഞു.
ഇതിനിടെ, സംഭവത്തിൽ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധ രീതിയെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്. മരണവീട്ടിൽ പോകുമ്പോൾ ഒളിച്ചിരുന്ന് മന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി വീട് കരിങ്കൊടി കാണിക്കുന്നത് മറ്റൊരു രക്തസാക്ഷിയെ സൃഷ്ടിക്കാനാണെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ വിമർശിച്ചു.
ഇതിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്. കുട്ടിയുടെ വീട്ടിൽ മന്ത്രി അടക്കം പോകുമ്പോൾ കാറിനു മുന്നിൽ ചാടുന്നത് ശരിയല്ല. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ നടപടിയെടുത്തു. ഇതുപോലെ മുൻപ് വേഗത്തിൽ നടപടിയുണ്ടായിട്ടുണ്ടോ? എന്നിട്ടും കരിങ്കൊടി കാണിക്കുന്നു. മരണ വീട്ടിൽ പോകുമ്പോൾ ഒളിച്ചിരുന്ന് നേതാക്കളുടെ കാറിനു മുന്നിൽ ചാടുന്നത് മറ്റൊരു രക്ത സാക്ഷിയെ കൂടി സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
