
മനാമ: ബഹ്റൈനിലെ മരാമത്ത് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് മിഷാല്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫയും വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി നവാല്‍ ഇബ്രാഹിം അല്‍ ഖാദറും സമഗ്രമായ അറ്റകുറ്റപ്പണികള്‍ നടക്കുന്ന നിരവധി സര്‍ക്കാര്‍ സ്കൂളുകളില്‍ പരിശോധനാ സന്ദര്‍ശനം നടത്തി. ഇതില്‍ ബൈത്ത് അല്‍ ഹിക്മ പ്രൈമറി സ്കൂള്‍ ഫോര്‍ ഗേള്‍സ്, ഇസ ടൗണ്‍ സെക്കന്‍ഡറി സ്കൂള്‍ ഫോര്‍ ബോയ്സ് എന്നിവ ഉള്‍പ്പെടുന്നു.
2025-2026 അദ്ധ്യയന വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വേനല്‍ക്കാല അവധിക്കാലത്ത് 27 സര്‍ക്കാര്‍ സ്കൂളുകളുടെ അറ്റകുറ്റപ്പണികള്‍ 9 ദശലക്ഷം ദിനാര്‍ ചെലവഴിച്ച് ആരംഭിച്ചതായി ശൈഖ് മിഷാല്‍ ബിന്‍ മുഹമ്മദ് പറഞ്ഞു. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ നവീകരണങ്ങള്‍, പുനര്‍ പെയിന്റിംഗ്, വാതിലുകളുടെയും ജനലുകളുടെയും അറ്റകുറ്റപ്പണികള്‍, ജല- വൈദ്യുത സംവിധാനങ്ങള്‍ മാറ്റി സ്ഥാപിക്കല്‍, ഊര്‍ജ്ജ സംരക്ഷണ ലൈറ്റിംഗും ചൂട്-ഇന്‍സുലേറ്റഡ് വിന്‍ഡോകളും സ്ഥാപിക്കല്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.
കെട്ടിട സുരക്ഷ സംരക്ഷിക്കുക, പഠനാന്തരീക്ഷം മെച്ചപ്പെടുത്തുക, സൗകര്യങ്ങളുടെ ആയുസ്സ് വര്‍ധിപ്പിക്കുക, പ്രവര്‍ത്തന കാര്യക്ഷമത ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള വാര്‍ഷിക പദ്ധതിയില്‍ ആവശ്യാനുസരണം സ്കൂളുകള്‍ക്ക് മുന്‍ഗണന നല്കാന് വിദ്യാഭ്യാസ മന്ത്രാലയവുമായി മരാമത്ത് മന്ത്രാലയം ഏകോപിച്ചു പ്രവര്‍ത്തിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
