
മനാമ: ബഹ്റൈനിലെ ഹമദ് ടൗണില്‍ കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികളെ കയറ്റിയ ലൈസന്‍സ് ഇല്ലാത്ത വാഹനത്തിനുള്ളില്‍ നാലര വയസ്സുകാരന് മരിച്ച സംഭവത്തില്‍ 40കാരിയായ ഡ്രൈവറെ അറസ്റ്റ് ചെയ്തു.
ഒരു കിന്റര്ഗാര്ട്ടന് ജീവനക്കാരി വിവരമറിച്ചതിനെ തുടര്‍ന്നാണ് നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ അന്വേഷണമാരംഭിച്ചത്. കുട്ടിയെ മണിക്കൂറുകളോളം വാഹനത്തില്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ പോയതായി അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നായിരുന്നു അറസ്റ്റ്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയം രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്കി. കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ലൈസന്‍സുള്ള വാഹനങ്ങളില്‍ മാത്രമേ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയയ്ക്കാവൂ എന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്കി.
