തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിൽ പാചക ചുമതലയുള്ള പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ ഉയർന്ന വിമർശനങ്ങൾ തള്ളി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പഴയിടത്തെ ആക്ഷേപിക്കുന്നത് ശരിയല്ല. വിപ്ലവകാരികളുടെ വേഷം അണിയുന്നവരാണ് വിമർശനം അഴിച്ചു വിടുന്നതെന്നും പങ്കെടുത്ത കുട്ടികൾക്ക് യാതൊരു വിധ പ്രശ്നങ്ങളില്ലെന്നും പഴയിടവുമായി ചർച്ച നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സ്കൂൾ കലോൽസവത്തിനു ഇനി ഭക്ഷണം പാകം ചെയ്യാൻ കഴിയില്ലെന്ന് മോഹനൻ നമ്പൂതിരി വ്യക്തമാക്കിയിട്ടുണ്ട്. നോൺ വെജ് വിവാദത്തിനു പിന്നിൽ വർഗീയ അജണ്ടയുണ്ടെന്നും മോഹനൻ നമ്പൂതിരി പറഞ്ഞിരുന്നു.
അടുത്ത വർഷം മുതൽ മേളയ്ക്കായി നോൺ വെജിറ്റേറിയൻ വിഭവങ്ങൾ തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറച്ചിയും മീനും വിളമ്പുന്നതിനായി കലോത്സവം മാനുവൽ പരിഷ്കരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകൾക്കിടയിലും സർക്കാർ തീരുമാനിച്ചാൽ എപ്പോൾ വേണമെങ്കിലും നോൺ വെജ് വിളമ്പാമെന്നും മോഹനൻ നമ്പൂതിരി പറഞ്ഞിരുന്നു. മേളയിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.