
മനാമ: സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെ കാര്‍ഡിയോളജി യൂണിറ്റ് സന്ദര്‍ശിച്ച് അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.
പ്രത്യേക കാര്‍ഡിയാക് കെയര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കായുള്ള തുടര്‍നടപടികളും അദ്ദേഹം സ്വീകരിച്ചു. ഏറ്റവും പുതിയ അന്താരാഷ്ട്ര മെഡിക്കല്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നല്കുന്ന രോഗനിര്‍ണയ, ചികിത്സാ സേവനങ്ങളെക്കുറിച്ചും ആരോഗ്യ സംരക്ഷണ നിലവാരം ശക്തിപ്പെടുത്താനും സര്‍ക്കാര്‍ ആശുപത്രികളിലുടനീളം പ്രത്യേക സേവനങ്ങള്‍ വിപുലീകരിക്കാനുമായി യൂണിറ്റ് നടത്തുന്ന പരിശീലന, ഗവേഷണ പരിപാടികളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. ഹൃദയരോഗ പരിചരണത്തിലെ നൂതന സേവനങ്ങള്‍ക്ക് അദ്ദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിനെ പ്രശംസിച്ചു.
സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാനും ശേഷി വര്‍ധിപ്പിക്കാനുമുള്ള തുടര്‍ച്ചയായ പദ്ധതികളുടെ ഭാഗമാണ് കാര്‍ഡിയോളജി യൂണിറ്റിന്റെ വികസനമെന്ന് ഗവണ്മെന്റ് ഹോസ്പിറ്റല്‍സ് അഡ്മിനിസ്ട്രേഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മറിയം അത്ബി അല്‍ ജലഹമ പറഞ്ഞു.


