കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റി (സിയാൽ) വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
സിയാൽ ഒരു പബ്ലിക് അതോറിറ്റിയാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നുമായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി. ബോർഡ് യോഗത്തിന്റെ മിനിറ്റ്സ് നൽകണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവിനെതിരെ സിയാൽ സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.
ഇതിനെതിരെ സിയാൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. ഈ സ്റ്റേ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഡിവിഷൻ ബെഞ്ചിന് മുന്നിൽ തന്നെ ഹർജിക്കാരന് തന്റെ കേസ് അവതരിപ്പിക്കാൻ അവസരമുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.