തൃശ്ശൂർ: സിനിമാ താരങ്ങളുടെ വിശ്വസ്തനായിരുന്ന തൃശൂർ സ്വദേശി സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ഓൺലൈൻ ലേല സ്ഥാപനമായ സേവ് ബോക്സിന്റെ ഉടമയാണ് സ്വാതി റഹിം. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന വ്യാജേന പലരിൽ നിന്നും നിക്ഷേപം വാങ്ങിയെന്നാണ് പരാതി.
എല്ലാ മാസവും വലിയ തുക ലഭിക്കുമെന്ന് നിക്ഷേപകരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പക്ഷേ, ലാഭമൊന്നുമുണ്ടായില്ല. കഴിഞ്ഞ മൂന്ന് വർഷമായി സ്വാതി റഹിമിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. പലതും മധ്യസ്ഥൻ പറഞ്ഞു തീർക്കുകയായിരുന്നു. തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിൽ മാത്രം മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. സേവ് ബോക്സിന്റെ ലോഞ്ചിങ് തൃശൂരിൽ ഒരു വലിയ പരിപാടിയായി നടത്തിയിരുന്നു. നിരവധി സിനിമാതാരങ്ങൾ പങ്കെടുത്ത പരിപാടിയിൽ പുതിയ ഐഫോണെന്ന് പറഞ്ഞ് സിനിമാ താരങ്ങൾക്ക് നൽകിയ സമ്മാനം തട്ടിപ്പായിരുന്നു. ആളുകൾ ഉപേക്ഷിച്ച ഐഫോണുകൾ പുതിയ കവറിൽ ഇട്ട് നൽകിയാണ് അന്ന് താരങ്ങളെ പറ്റിച്ചത്.