പാരിസ്: ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി ഇടഞ്ഞു നിൽക്കുന്ന സ്ട്രൈക്കർ കിലിയൻ എംബപെയെ സ്വന്തമാക്കാൻ വൻതുക വാഗ്ദാനം ചെയ്ത് സൗദി അറേബ്യൻ പ്രൊ ലീഗ് ക്ലബ് അൽ ഹിലാൽ. പ്രതിവർഷം 70 കോടി യൂറോ (ഏകദേശം 6346 കോടി രൂപ) വാർഷിക പ്രതിഫലം ഹിലാൽ എംബപെയ്ക്ക് ഓഫർ ചെയ്തതായാണ് റിപ്പോർട്ടുകൾ. ഇതിനു പുറമേ 30 കോടി യൂറോ (ഏകദേശം 2700 കോടി രൂപ) ട്രാൻസ്ഫർ ഫീ പിഎസ്ജിക്കും നൽകും. ഹിലാലിന്റെ ഓഫർ സ്വീകരിച്ച പിഎസ്ജി എംബപയോട് നേരിട്ടു ചർച്ച നടത്താൻ അവരോടു നിർദേശിച്ചു. ഒരു സീസണിനു വേണ്ടിയാണെങ്കിലും എംബപെയുമായി കരാർ ഒപ്പിടാം എന്നാണ് സൗദി ക്ലബ്ബിന്റെ നിലപാട്.
അടുത്ത വർഷം കരാർ കാലാവധി തീർന്നാലുടൻ താൻ ക്ലബ് വിടും എന്ന് എംബപെ പറഞ്ഞത് പിഎസ്ജിയെ ചൊടിപ്പിച്ച പശ്ചാത്തലത്തിലാണ് ഹിലാലിന്റെ വാഗ്ദാനം. പോവുകയാണെങ്കിൽ ഈ സീസണിൽ തന്നെ പോവുക അല്ലെങ്കിൽ പുതിയ കരാർ ഒപ്പു വയ്ക്കുക എന്നാണ് പിഎസ്ജി എംബപെയോടു പറഞ്ഞത്. കരാർ കാലാവധി തീർന്നതിനു ശേഷം ഫ്രീ എജന്റായി പോവുകയാണെങ്കിൽ വൻതുക ട്രാൻസ്ഫർ ഫീ ക്ലബ്ബിനു കിട്ടില്ല എന്നതാണ് കാരണം. എംബപെ ഇല്ലാതെ പിഎസ്ജി ടീം പ്രീ സീസൺ പര്യടനത്തിനു പോയതോടെ ഭിന്നിപ്പ് പരസ്യമായി.
അടുത്ത വർഷം കരാർ കാലാവധി തീർന്നശേഷം താൻ വരാം എന്ന് എംബപെ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡുമായി ധാരണയിലെത്തിയതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ പിഎസ്ജി നയം വ്യക്തമാക്കിയതോടെ ഈ സീസണിൽ തന്നെ എംബപെയെ സ്വന്തമാക്കുന്നതിനെക്കുറിച്ച് റയൽ നിലപാട് പറഞ്ഞിട്ടില്ല. ഇതോടെയാണ് മോഹിപ്പിക്കുന്ന വാഗ്ദാനവുമായി സൗദി ക്ലബ് ഹിലാൽ രംഗത്തെത്തിയത്. നേരത്തേ അർജന്റീന താരം ലയണൽ മെസ്സിക്കു വേണ്ടിയും ഹിലാൽ രംഗത്തുണ്ടായിരുന്നെങ്കിലും മെസ്സി അതു സ്വീകരിക്കാതെ അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിലേക്കു പോയി.
ഹിലാലിന്റെ ഓഫർ സ്വീകരിക്കുകയാണെങ്കിൽ എംബപെ ക്ലബ് ഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ താരമാകും. 2017ൽ ബ്രസീലിയൻ താരം നെയ്മാറെ സ്പാനിഷ് ക്ലബ് ബാർസിലോനയിൽ നിന്ന് പിഎസ്ജി 22.2 കോടി യൂറോയ്ക്ക് (അന്നത്തെ ഏകദേശം 1675.75 കോടി രൂപ) സ്വന്തമാക്കിയതാണ് നിലവിലെ ട്രാൻസ്ഫർ റെക്കോർഡ്.