
റിയാദ്: അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടർന്നാൽ ശക്തമായ സൈനിക തിരിച്ചടി നൽകുമെന്ന് സൗദി അറേബ്യ. സൗദിയുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്നും സൈനിക നടപടി ഉൾപ്പെടെയുള്ള മാർഗങ്ങൾ തങ്ങളുടെ മുന്നിലുണ്ടെന്നും വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ മുന്നറിയിപ്പ് നൽകി. റിയാദിൽ നടന്ന അറബ്–ഇസ്ലാമിക് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങൾ കാണിക്കുന്ന ക്ഷമ പരിധികളില്ലാത്തതല്ല, അത് ഒരു ദിവസമോ, രണ്ട് ദിവസമോ, ഒരു ആഴ്ചയോ ആകാമെന്നും മന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിവന്നാൽ ആവശ്യമായ സൈനിക നടപടി സ്വീകരിക്കാൻ സൗദിക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2023-ൽ പുനഃസ്ഥാപിച്ച നയതന്ത്ര ബന്ധത്തിലൂടെയുണ്ടായ ചെറിയ വിശ്വാസം പോലും ഇറാന്റെ നിലപാടുകളിലൂടെ പൂർണ്ണമായും തകർന്നു. ആക്രമണം തുടർന്നാൽ ബന്ധം വീണ്ടെടുക്കാൻ കഴിയാത്തവിധം തകരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഫെബ്രുവരി 28 മുതൽ സൗദി, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ തുടർച്ചയായി മിസൈൽ-, ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം റിയാദിനെ ലക്ഷ്യമിട്ടെത്തിയ നാല് ബാലസ്റ്റിക് മിസൈലുകൾ സൗദി വ്യോമസേന തകർത്തു. ഇതിന്റെ അവശിഷ്ടങ്ങൾ നഗരത്തിന് തെക്കുള്ള റിഫൈനറിക്ക് സമീപമാണ് വീണത്. ആക്രമണത്തെത്തുടർന്ന് തലസ്ഥാന നഗരിയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.


