രാജ്യത്ത് ലൈംഗിക കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ പേര് പരസ്യമാക്കാന്‍ സൗദി അറേബ്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കുറ്റവാളികളുടെ പേര് പരസ്യമാക്കുന്നത് നിയമനടപടികളുടെ ഭാഗമാക്കുന്നത് സംബന്ധിച്ച് ഷൂറാ കൗണ്‍സില്‍ വരുന്നയാഴ്ച അവസാനം വോട്ടെടുപ്പ് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ചില അംഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സമാനമായ ഒരു പ്രമേയം കൗണ്‍സില്‍ തടഞ്ഞിരുന്നു. കുറ്റവാളിയുടെ പേര് നല്‍കുന്നത് അദ്ദേഹത്തിന്റെ കുടുംബത്തെയും ദോഷകരമായി ബാധിക്കുമെന്ന വാദം ഉയര്‍ത്തിയായിരുന്നു ഇത്. അതേസമയം വാണിജ്യപരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പേരുകള്‍ പരസ്യമാക്കുന്നത് സൗദി ശിക്ഷാ നടപടിയുടെ ഭാഗമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പേര് പരസ്യമാക്കുന്നത് ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് കുറക്കുമെന്നാണ് ഉയരുന്ന വാദം.
‘ആന്റി ഹരാസ്മെന്റ്’ നിയമവ്യവസ്ഥയുടെ ഭാഗമായി ശിക്ഷാ നടപടി കൂട്ടിച്ചേക്കാനുള്ള സുരക്ഷാ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷൂറാ കൗണ്‍സില്‍ ബുധനാഴ്ച വോട്ടെടുപ്പ് നടത്തും. പേര് പരസ്യമാക്കുന്നതിന് മതപരമോ നിയമപരമോ ആയ തടസമില്ലെന്ന് നിയമോപദേഷ്ടാവ് പറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് മുന്നോട്ട് വെച്ച പരിഷ്കാരങ്ങളുടെ ഭാഗമായി സ്ത്രീകളുടെ അവകാശങ്ങള്‍ ഉയര്‍ത്തുന്നതിനോടൊപ്പം ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാനും സൗദി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രമിക്കുന്നുണ്ട്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ 2018ല്‍ അംഗീകാരം നല്കിയ നിയമപ്രകാരം കുറ്റവാളികള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും 300,000 സൗദി റിയാല്‍ വരെ പിഴയും ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ക്കെതിരെ കടുത്ത നടപടികള്‍ക്ക് ഭരണകൂടം തയ്യാറെടുക്കുന്നത്.