കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിലെ പ്രതി അഭിലാഷിന് പാർട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കൊലപാതകത്തിൽ സമഗ്ര അന്വേഷണം വേണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
സമൂഹ മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്ന നിഷ്ഠൂരമായ കൊലപാതകമാണ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലുണ്ടായിരിക്കുന്നത്. പൊതുജനങ്ങളുടെയാകെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും അവർക്കൊപ്പം നിൽക്കുകയും പാർട്ടിയുടെ വളർച്ചയ്ക്കായി പൊരുതുകയും ചെയ്ത ഉത്തമനായ കമ്യൂണിസ്റ്റും മികച്ച പാർട്ടി പ്രവർത്തനുമായിരുന്നു വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ട സിപിഐ എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി വി സത്യനാഥ്. സത്യനാഥിന്റെ കൊലപാതകം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അതിനിഷ്ഠൂരമായാണ് സത്യനാഥിനെ കൊലപ്പെടുത്തിയത്. ആയുധങ്ങളുമായി കരുതിക്കൂട്ടിയെത്തിയ പ്രതി സത്യനാഥിനെ ക്ഷേത്രോത്സവത്തിനിടെ വെട്ടിക്കൊല്ലുകയായിരുന്നു.
സംഭവത്തിൽ ഒരാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുണ്ട്. സമഗ്രമായ അന്വേഷണം നടത്തി പ്രതിക്ക് തക്കതായ ശിക്ഷയുറപ്പാക്കണം. സംഭവത്തിന് പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കണം. കൃത്യത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവനാളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനാവശ്യമായ അന്വേഷണം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകണം. സത്യനാഥിന്റെ വേർപാടിൽ പാർട്ടി പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിലും രോഷത്തിലും സിപിഐ എം സംസ്ഥാന കമ്മിറ്റി പങ്കുചേരുന്നു. പ്രദേശത്ത് സമാധാനം നിലനിർത്താൻ മുഴുവൻ പാർട്ടി പ്രവർത്തകരും സംയമനത്തോടെ ഇടപെടണം. ധീരനായ കമ്യൂണിസ്റ്റ് പോരാളിക്ക് അന്ത്യാഭിവാദ്യങ്ങൾ. എം വി ഗോവിന്ദൻ പ്രസ്താവനയിൽ വ്യക്തമാക്കി.