പാരീസ്: ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഫൈനലിൽ സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി സഖ്യം പ്രവേശിച്ചു. പുരുഷ ഡബിൾസ് സെമിയിൽ ദക്ഷിണ കൊറിയയുടെ ചോയി സോൾ ഗ്യൂ- കിം വോൺ ഹോ സഖ്യത്തെയാണ് ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തിയത്.
നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇന്ത്യൻ ടീം വിജയിച്ചത്. മത്സരം 44 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. സ്കോർ: 21-18, 21-14. കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യൻമാരായ സാത്വികും ചിരാഗും ക്വാർട്ടർ ഫൈനലിൽ മുൻ ലോക ഒന്നാം നമ്പർ പുരുഷജോഡിയായ ജപ്പാന്റെ തകുരോ ഹോകി-യൂഗോ കൊബയാഷി സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.
പത്താം സീഡായ സാത്വിക്-ചിരാഗ് സഖ്യം ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കരിയറിലെ രണ്ടാമത്തെ ബിഡബ്ല്യുഎഫ് വേൾഡ് ടൂർ കിരീടമാണ് ഇരുവരും ലക്ഷ്യമിടുന്നത്. 2022 ജനുവരിയിൽ സാത്വിക്-ചിരാഗ് സഖ്യം ഇന്ത്യ ഓപ്പൺ സൂപ്പർ 500 കിരീടം നേടിയിരുന്നു.