ചെന്നൈ: എഐഡിഎംകെ നേതാവ് വി കെ ശശികലയുടെ 300 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ആദായ നികുതി വകുപ്പ്ആരംഭിച്ചു . അലന്ദൂര്‍, താംബരം ഗുഡുഞ്ചേരി, ശ്രീപെരുമ്പുത്തൂര്‍ എന്നീ സ്ഥലങ്ങളിലെ സ്വത്തുവകകളും, ചെന്നൈയിലുള്ള മാളും പോണ്ടിച്ചേരിയിലുള്ള റിസോര്‍ട്ടും ഉൾപ്പടെ ഉള്ളവയാണ് കണ്ടുകെട്ടുക. ശശികലയുടെ നിയന്ത്രണത്തിലുള്ള ബിനാമി കമ്പനികള്‍ക്കും വിവിധ സബ് രജിസ്ട്രാര്‍ ഓഫീസര്‍മാര്‍ക്കും ആദായ നികുതി അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചത്. ചെന്നൈയിലെ പേയസ് ഗാര്‍ഡനിലുള്ള ജയലളിതയുടെ വീടായ വേദനിലയത്തിന്റെ എതിര്‍ഭാഗത്തായി ശശികല പണികഴിപ്പിച്ച ബംഗ്ലാവ് ഉള്‍പ്പെടെ ശശികലയുടെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍, ബിനാമി കമ്പനി ഇടപാടുകള്‍ എന്നിവയെല്ലാം കണ്ടു കെട്ടുമെന്ന് ആദായ നികുതി അധികൃതര്‍ അറിയിച്ചു.


