കൊല്ലം: കടയ്ക്കൽ പഞ്ചായത്തിൽ പന്തളംമുക്ക് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സാരഥി ഗ്രാമീണ സംഘം, കാർഷിക സ്വാശ്രയ സംഘം പ്രവർത്തന മികവ് കൊണ്ട് ശ്രദ്ധ്യേയമാവുകയാണ്.
2008 ൽ ഇരുപത് അംഗങ്ങളുമായി തുടങ്ങിയ സംഘം ഇന്ന് 47 അംഗങ്ങളിൽ എത്തി നിൽക്കുന്നു. വ്യത്യസ്തങ്ങളായ ഒട്ടനവധി പ്രവർത്തനങ്ങളാണ് സംഘം നടത്തിവരുന്നത്.
സംഘത്തിന്റെ മേലെപന്തളംമുക്കിലുള്ള ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ എല്ലാം. നാട്ടിലെ കാർഷിക മേഖലയിലൂന്നിയാണ് സംഘത്തിന്റെ പ്രവർത്തനം.
ഇന്ന് രാവിലെ നടന്ന മാസ പൊതുയോഗത്തിൽ വച്ച് എസ്. എസ്. എൽ. സി, പ്ലസ് ടു,ഉന്നത വിജയം കരസ്തമാക്കിയ കുട്ടികൾക്കും, നവോദയ പരീക്ഷയിൽ വിജയിച്ച കുട്ടിക്കും അവാർഡ് നൽകി ആദരിച്ചു.
പത്ത് വർഷം മുന്നേ മരണപ്പെട്ട സംഘത്തിന്റെ അംഗമായിരുന്ന ഗിരി പ്രസാദിന്റെ പ്രായപൂർത്തിയാകാത്ത മകൻ അശ്വിന് അന്നുമുതൽക്കെ സംഘം സ്വന്തം നിലയിൽ സമ്പാദ്യം ഇടുകയും, ഇപ്പോൾ പതിനെട്ട് വയസ്സ് പൂർത്തിയായ അശ്വിന് ഇതുവരെ ഉള്ള സമ്പാദ്യവും, ലാഭവിഹിതവും ചേർത്തുള്ള 73390 രൂപ കോട്ടപ്പുറം വാർഡ് മെമ്പർ സി. ആർ ലൗലി അശ്വിന് കൈമാറി.
യോഗത്തിൽ സംഘം പ്രസിഡന്റ് വേണുഗോപാൽ, സെക്രട്ടറി പ്രീതൻ ഗോപി, സുജീഷ് ലാൽ,അശ്വിന്റെ അമ്മ ചന്ദ്ര ബിന്ദു, ശശിധരൻ, ശശി, ഫ്രാൻസിസ് എക്സിക്യൂട്ടീവ് അംഗങ്ങൾ, മെമ്പർമാർ,എന്നിവർ പങ്കെടുത്തു.
2010 ൽ പ്രീതൻ ഗോപി പ്രസിഡന്റായും, ഷിജു സെക്രട്ടറിയായുമാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇപ്പോൾ സംഘത്തിന് ഏകദേശം അൻപത് ലക്ഷം രൂപയുടെ ആസ്തി ഉണ്ട്, ഓരോ അംഗത്തിനും സമ്പാദ്യമായി എൻപത്തി അയ്യായിരം രൂപയുണ്ട്.
പന്തളം മുക്കിൽ സ്വന്തമായി ഭൂമി വാങ്ങി കെട്ടിടനിർമ്മാണത്തിനുള്ള പ്രവർത്തനങ്ങളായി മുന്നോട്ടുപോകുന്നു.കൂടാതെ കൃഷിക്കാരെ സഹായിക്കുന്നതിനായി അഗ്രിഫാം ഇൻഡസ്ട്രി എന്ന സംരഭം ആരംഭിച്ചു അതിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ആലോചിക്കുന്നു.
കാർഷിക ഗ്രൂപ്പുകൾ രൂപീകരിച്ചുകൊണ്ട് കർഷകർക്ക് ആവശ്യമായ ചെറു വയ്പ്പകളും സംഘം നൽകിവരുന്നു.സെക്രട്ടറി പ്രീതൻ ഗോപിയും, പ്രസിഡന്റായി വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ഭരണകാര്യങ്ങളെല്ലാം ഭംഗിയായി മുന്നോട്ടുപോകുന്നു.ധനകാര്യ സെക്രട്ടറിയായി ജി.ശ്യാം സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു
റിപ്പോർട്ട്: സുജീഷ് ലാൽ, കൊല്ലം