തിരുവനന്തപുരം: ഇന്ത്യൻ കായിക ലോകത്തെ ഭാവിയുടെ വാഗ്ദാനങ്ങളായ രണ്ട് താരങ്ങളെ ജില്ലയിലെ സൈനിക കൂട്ടായ്മയായ സപ്ത ആദരിച്ചു. ഇക്കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ റിലേ ടീമിന്റെ ഭാഗമായിരുന്ന അലക്സ് ആന്റണിയ്ക്ക് അംഗങ്ങൾ അദ്ദേഹത്തിന്റെ വസതിയിൽ എത്തി പൊന്നാടയും ഫലകവും കൈമാറി. ഇന്ത്യൻ എയർഫോഴ്സിൽ സർജന്റ് റാങ്കിൽ ജോലി നോക്കുന്ന അലക്സ് ആന്റണി പുല്ലുവിള സ്വദേശി ആന്റണിയുടേയും സരിജയുടേയും മകനാണ്.

അതോടൊപ്പം തന്നെ ദേശീയ ജൂനിയർ റഗ്ബി ടീമിലേയ്ക്ക് പ്രവേശനം ലഭിച്ച രേഷ്മ മിഖായേലിനെയും സപ്ത ആദരിച്ചു. പുല്ലുവിള നിവാസിയായ മത്സ്യതൊഴിലാളി മൈക്കളിന്റെയും ഷൈനിയുടെയും മകളാണ്.പ്ലസ് ടു കഴിഞ്ഞ് ഉപരി പഠനം തുടങ്ങാൻ പോകുന്ന രേഷ്മ ഉടനെ തന്നെ ഡൽഹിയിൽ നടക്കുന്ന പരിശീലന ക്യാമ്പിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്.
സപ്ത യുടെ ചെയർമാൻ അശോക് കുമാറിന്റെ നേതൃത്വത്തിൽ അംഗങ്ങൾ വീട്ടിലെത്തി പൊന്നാടയും ഫലകവും പരിശീലനത്തിനുപയോഗിക്കാനുള്ള ഒര് ജോഡി ട്രാക്ക് സ്യുട്ടും സമ്മാനമായി നൽകി. വൈസ് ചെയർമാൻ ജയ് കുമാർ,അംഗങ്ങളായ ആന്റണി, സെൽവരാജ്, ബാലു, വിജിത് തുടങ്ങിയവർ പങ്കെടുത്തു.
