കൊല്ലം: ചോർന്നൊലിക്കുന്ന വീട്ടിലിരുന്ന് പഠിച്ച് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആര്യയുടെ ചെറിയ സ്വപ്നങ്ങൾ നിറവേറ്റി ചലച്ചിത്രതാരം സന്തോഷ് പണ്ഡിറ്റ്. ആര്യയുടെ വീടിന്റെ ദയനീയാവസ്ഥ വാർത്തകളിലൂടെ അറിഞ്ഞ സന്തോഷ് പണ്ഡിറ്റ് ഏതാനും ദിവസം മുൻപ് കടയ്ക്കൽ പാണമ്പറിലെ വീട്ടിലെത്തുകയായിരുന്നു.പുസ്തകങ്ങൾ മഴ നനയാതെ സൂക്ഷിക്കാൻ അലമാര, കൂടാതെ ബെഡും ഫാനും വീടിന്റെ ചോർച്ച താത്കാലികമായി അവസാനിപ്പിക്കാൻ മേൽക്കൂരയ്ക്ക് മുകളിൽ വിരിക്കാൻ ടാർപ്പോളിൻ ഷീറ്റും വാങ്ങി നൽകിയാണ് സന്തോഷ് ആര്യയുടെ കുടുംബത്തിന് താങ്ങായത്. ബാഗും സമ്മാനിച്ചു.
മനസിൽ ഒരുപാട് സ്വപ്നങ്ങളുണ്ടെങ്കിലും ആര്യ അതൊന്നും പറയാൻ തയ്യാറായില്ല. ഒടുവിൽ സന്തോഷ് പണ്ഡിറ്റ് നിർബന്ധിച്ചതോടെയാണ് തന്റെ ചെറിയ ആവശ്യങ്ങളിൽ ചിലത് മാത്രം ആര്യ പറഞ്ഞത്.മഴ ചെറുതായൊന്ന് പെയ്താൽ തന്നെ ചോർന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു വീട്. നനഞ്ഞുകുതിർന്ന പുസ്തത്താളുകൾ നിവർത്തി പഠിച്ചാണ് ആര്യ മിന്നും വിജയം നേടിയത്. തട്ടുപണിക്കാരനായ അച്ഛൻ സുനിൽകുമാർ ഒന്നര വർഷം മുൻപ് ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു. രോഗിയായ അമ്മ അജിതകുമാരി മാത്രമായിരുന്നു തണൽ.അജിതകുമാരി തൊട്ടടുത്ത കടയിൽ ജോലിക്ക് പോയിത്തുടങ്ങിയെങ്കിലും കിട്ടുന്ന കൂലി ചികിത്സയ്ക്ക് പോലും തികയുമായിരുന്നില്ല. അടുത്തിടെ രോഗം മൂർച്ഛിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയായ അജിതകുമാരിക്ക് ഇപ്പോൾ ജോലിക്ക് പോകാനും കഴിയുന്നില്ല. ആര്യയുടെ സങ്കടങ്ങളറിയാവുന്ന അദ്ധ്യാപകർ അവൾക്ക് വലിയ പിന്തുണ നൽകി. ട്യൂഷൻ സെന്ററിൽ അവളെ ഫീസ് വാങ്ങാതെ പഠിപ്പിച്ചു. വിധിയോട് തോൽക്കാതിരിക്കാൻ ആര്യയും വാശിയോടെ പഠിച്ചാണ് മിന്നും വിജയം കരസ്ഥമാക്കിയത്.