
തിരുവനന്തപുരം: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് മലയാളി താരം സഞ്ജു വി സാംസണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരം സാന്നിദ്ധ്യമായി മാറിയത്. ഗൗതം ഗംഭീര്‍ പരിശീലകനായും സൂര്യകുമാര്‍ യാദവ് ട്വന്റി 20 ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുകയും ചെയ്തതോടെ സഞ്ജുവിന്റെ സമയം തെളിഞ്ഞു. ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മ്മ ലോകകപ്പ് വിജയത്തോടെ വിരമിക്കുകയും ചെയ്തപ്പോള്‍ ശര്‍മയുടെ മിന്നല്‍ തുടക്കങ്ങളുടെ പകരക്കാരനെന്ന റോളാണ് സഞ്ജുവിന്റെ കൈകളിലെത്തിയത്.അവസാനമായി കളിച്ച അഞ്ച് ടി20 മത്സരങ്ങളില്‍ നിന്ന് മൂന്ന് തവണ സെഞ്ച്വറി നേടി ടീമിലെ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു തിരുവനന്തപുരത്തുകാരന്. ഇപ്പോഴിതായ ടി20 ടീമിന് പുറമേ ഏകദിന ടീമിലേക്ക് താരത്തിന് വിളിയെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അവസാനമായി കളിച്ച ഏകദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയില്‍ അവര്‍ക്കെതിരെ സെഞ്ച്വറി നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ റിഷഭ് പന്തിന് പകരം സഞ്ജു ബാക്കപ്പ് വിക്കറ്റ് കീപ്പറായി എത്താനാണ് സാദ്ധ്യത.ഏകദിന ടീമില്‍ കെഎല്‍ രാഹുലാണ് ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പര്‍. ഓസീസ് പര്യടനത്തിന് ശേഷം നാട്ടിലെത്തിയ കെ എല്‍ രാഹുല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് നടക്കുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന മത്സരങ്ങളില്‍ നിന്ന് വിശ്രമം വേണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ സഞ്ജു സാംസണ് ടീമിലെത്താനാണ് സാദ്ധ്യത. ടി20യിലെ അക്രമോത്സുക ബാറ്റിംഗ് താരത്തെ ഏകദിന ടീമിന്റെ ഫിനിഷര്‍മാരില്‍ ഒരാളായി പരിഗണിക്കാവുന്നതാണെന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ അഭിപ്രായം പറയുകയും ചെയ്തുകഴിഞ്ഞു.2023 ഏകദിന ലോകകപ്പ് ടീമിലുണ്ടായിരുന്ന സൂര്യകുമാര്‍ യാദവിനെ ഇനി ഏകദിന സ്ക്വാഡിലേക്ക് പരിഗണിക്കാന്‍ സാദ്ധ്യതയില്ല. 34കാരനായ സൂര്യയില്‍ ഭാവിയും കാണുന്നില്ല. അങ്ങനെ വരുമ്പോള്‍ പ്രായമുള്‍പ്പെടെ അനുകൂല ഘടകമായുള്ള സഞ്ജുവിന് നറുക്ക് വീഴാന്‍ സാദ്ധ്യതയുണ്ട്. ലോകകപ്പ് ടീമിലുണ്ടായിരുന്ന മറ്റൊരു വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷന് ബിസിസിഐ സെന്‍ട്രല്‍ കോണ്‍ട്രാക്ട് ഇല്ലാത്തതും സഞ്ജുവിന് പ്രതീക്ഷ നല്കുന്ന ഘടകമാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തിയാല്‍ സ്വാഭാവികമായും താരം ചാമ്പ്യന്‍സ് ട്രോഫി ടീമിലും ഇടംപിടിച്ചേക്കും.
