മുംബയ്: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തിനിടെ ഇന്ത്യൻ താരം സഞ്ജു സാംസണിന് പരിക്ക് . ഇംഗ്ലണ്ടിനെതിരെ ബാറ്റുചെയ്യുന്നതിനിടെ ജോഫ്ര ആർച്ചറുടെ പന്ത് തട്ടിയാണ് സഞ്ജുവിന്റെ വിരലിന് പരിക്കേറ്റത്. മൂന്നാം പന്തിലായിരുന്നു പരിക്ക്. തുടർന്ന് ടീം ഫിസിയോയെത്തി സഞ്ജുവിന്റെ പരിക്ക് പരിശോധിച്ചു. ഇതേ ഓവറിൽ ഒരു സിക്സും ഫോറുമുൾപ്പടെ രണ്ട് ബൗണ്ടറികൾ കൂടി നേടിയെങ്കിലും അടുത്ത ഓവറിൽ താരം പുറത്തായിരുന്നു.ആദ്യ ഓവറിൽ 16 റൺസാണ് സഞ്ജു അടിച്ചെടുത്തത്. എന്നാൽ മാർക് വുഡ് എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ സഞ്ജു പുറത്തായി.
രണ്ടാം ഓവറിൽ പുറത്തായെങ്കിലും ഇന്ത്യൻ ജഴ്സിയിൽ അപൂർവ നേട്ട സ്വന്തമാക്കിയിരിക്കുകയാണ് മലയാളി കൂടിയായ സഞ്ജു. ട്വന്റി 20യിലെ ആദ്യ പന്തിൽ തന്നെ സിക്സ് നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാണ് സഞ്ജു. ജോഫ്രയുടെ ആദ്യ പന്താണ് സഞ്ജു സിക്സ് പറത്തിയത്.രോഹിത് ശർമയും യശസ്വി ജയ്സ്വാളുമാണ് സഞ്ജുവിന് മുൻപ് ട്വന്റി 20യിലെ ആദ്യ പന്തിൽ സിക്സ് പറത്തിയത്. സഞ്ജുവിന്റെ ആദ്യ സിക്സർ കണ്ട് ഗാലറിയിൽ നിന്ന് കയ്യടിച്ച കൂട്ടത്തിൽ ബോളിവുഡ് താരം ആമിർ ഖാനും ഉണ്ടായിരുന്നു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലാണ്. സഞ്ജുവിന് പരിക്കേറ്റതിനെ തുടർന്ന് പ്ലേയിംഗ് ഇലവനിൽ ഇല്ലാതിരുന്ന ധ്രുവ് ജുറേൽ പകരം വിക്കറ്റ് കീപ്പറായി ഇറങ്ങി.