ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പിറന്നാളാഘോഷത്തിന് മോഹൽലാൽ ഉൾപ്പെടെ നിരവധി താരങ്ങളും ആരാധകരുമാണ് ആശംസകളുമായി എത്തിയത്. 62ാം പിറന്നാളാണ് സഞ്ജയ് ദത്ത് ആഘോഷിച്ചത്. കഴിഞ്ഞ ദീപാവലിക്ക് ദുബായിയിലെ സഞ്ജയ് ദത്തിന്റെ വീട്ടിൽ ഒത്തുകൂടി സമയത്ത് പകർത്തിയ ചിത്രം പങ്കുവച്ചായിരുന്നു മോഹൻലാലിന്റെ ആശംസ. തന്റെ ബർത്ത്ഡേ സ്പെഷ്യലാക്കിയ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് സഞ്ജയ് ദത്തും എത്തി.
എന്നാൽ വർഷങ്ങൾക്കു ശേഷം അമേരിക്കയിൽ എത്തിയ സഞ്ജയ് ദത്തിന് സർപ്രൈസ് പിറന്നാൾ ആശംസ ഒരുക്കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്ത്. വിമാനത്തിന്റെ സഹായത്താൽ ആകാശത്ത് വച്ചാണ് സുഹൃത്ത് പരേഷ് ഗെലാനി കൂട്ടുകാരന് പിറന്നാൾ ആശംസകൾ നേർന്നത്. വീട്ടിലിരുന്ന് ഈ ദൃശ്യം ആസ്വദിക്കുന്ന സഞ്ജയ് ദത്തിനെയും വീഡിയോയിൽ കാണാം.
മെഡിക്കൽ ട്രീറ്റ്മെന്റിന്റെ ഭാഗമായാണ് സഞ്ജയ് ദത്ത് അമേരിക്കയിൽ തുടരുന്നത്. കെജിഎഫ് 2വിലെ അധീരയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സഞ്ജയ് ദത്ത് ആണ്. പിറന്നാൾ ദിനം അധീരയുടെ പ്രത്യേക പോസ്റ്റർ കെജിഎഫ് ടീം പുറത്തിറക്കിയിരുന്നു.ഇതിനിടെ മോഹൻലാൽ–പൃഥ്വിരാജ് ടീമിന്റെ എമ്പുരാനിലും സഞ്ജയ് ദത്ത് ഭാഗമായേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.