മുംബയ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ അടുത്തിടെയാണ് പാകിസ്ഥാന് ക്രിക്കറ്റ് ടീം മുന്‍ നായകന് ഷൊയ്ബ് മാലിക്കുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയത്. താര ദമ്പതികളുടെ വിവാഹമോചന വാര്‍ത്ത പുറത്ത് വന്നത് മുതല്‍ പ്രചരിക്കുന്ന കാര്യമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും സാനിയ മിര്‍സയും വിവാഹിതരാകാന്‍ പോകുന്നുവെന്നത്. ഇപ്പോഴിതാ ഈ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുഹമ്മദ് ഷമി തന്നെ.
സാനിയയും ഷമിയും വിവാഹിതരാകുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ നിഷേധിച്ച് സാനിയയുടെ പിതാവ് ഇമ്രാന് മിര്‍സ രംഗത്ത് വന്നിരുന്നു. എന്നിട്ടും തെറ്റായ പ്രചാരണങ്ങള്‍ തുടരുകയായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്നും ഉടന്‍ വിവാഹിതരാകുന്നുവെന്നുമാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ ഷമി രംഗത്ത് വന്നത്.ഇത്തരം കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം, ഇതുപോലുള്ള ട്രോളുകള്‍ ഉണ്ടാക്കുന്നതിലൂടെ ആളുകള്‍ക്ക് ചിലപ്പോള്‍ സന്തോഷം കിട്ടുമായിരിക്കും. പക്ഷെ അത് അതുപോലെ ദ്രോഹിക്കുന്നതുമാണ്. ഒരാളെ മോശക്കാരനാക്കാന്‍ വേണ്ടി ബോധപൂര്‍വം ചെയ്യുന്നതാണ് ഇതൊക്കെ. സ്വന്തം ഫോണ്‍ തുറന്നാലും ഇത്തരം ട്രോളുകള്‍ കാണാനാവും. തമാശക്ക് വേണ്ടി ഉണ്ടാക്കുന്നതാണെങ്കിലും അത് മറ്റൊരാളുടെ ജീവിതത്തെ ബാധിക്കുന്നതാണെങ്കില്‍ ഇത്തരം ട്രോളുകളുണ്ടാക്കുകയോ അത് ഷെയര്‍ ചെയ്യുകയോ അരുതെന്നാണ് ഷമി പറഞ്ഞത്.ആളുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഇത്തരം പ്രവര്‍ത്തികള്‍ നടത്തിയാല്‍ നമുക്ക് എന്താണ് ചെയ്യാന്‍ പറ്റുകയെന്നും ഷമി ചോദിക്കുന്നു. യാതൊരു ആധികാരികതയും ഇല്ലാത്ത പേജുകളിലാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്നും വെരിഫൈഡ് ആയ ഒരു പേജിലോ അക്കൗണ്ടിലോ നിന്ന് ഇക്കാര്യം വരാത്ത സാഹചര്യത്തില്‍ അതിനേക്കുറിച്ച് പ്രതികരിക്കേണ്ട കാര്യംപോലുമില്ലെന്നും ഷമി വ്യക്തമാക്കുന്നു. 2010ല്‍ വിവാഹിതരായ സാനിയയും മാലിക്കും ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹബന്ധം വേര്‍പ്പെടുത്തിയത്.