തിരുവനന്തപുരം: വർക്കലയിൽ പതിനേഴുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോപുവിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനായില്ല. നാട്ടുകാരുടെ പ്രതിഷേധവും സംഘർഷാവസ്ഥയും കാരണം പ്രതിയെ തിരികെ കൊണ്ടുപോയി. ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബികയ്ക്കെതിരെയും നാട്ടുകാർ പ്രതിഷേധിച്ചു. സംഗീതയുടെ മൃതദേഹം സംസ്കരിച്ച ശേഷമാണ് എം.എൽ.എ എത്തിയത്. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. എം.എൽ.എ.യുടെ വാഹനം നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ അരമണിക്കൂറോളം വളഞ്ഞു.
ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയും വടശേരിക്കോണം സ്വദേശിനിയുമായ സംഗീതയാണ് മരിച്ചത്. പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയതിലുള്ള വിദ്വേഷമാണ് സുഹൃത്തായ പള്ളിക്കൽ സ്വദേശി ഗോപുവിനെ കൊലപാതകത്തിലേക്ക് നയിച്ചത്. പുലർച്ചെ 1.30 ഓടെയാണ് ദാരുണമായ സംഭവം നടന്നത്. പള്ളിക്കൽ സ്വദേശിയും ടാപ്പിംഗ് തൊഴിലാളിയുമായ ഗോപു സംഗീതയുടെ വീടിന് സമീപമെത്തി. സംഗീതയെ അവളുടെ വീടിനടുത്തുള്ള ഇടവഴിയിലേക്ക് വിളിച്ചുവരുത്തി. കയ്യിലെ കത്തിയെടുത്ത് കഴുത്തറുത്തു. കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്ന സംഗീത വീടിന്റെ മുന്നിലെത്തി വാതിലിൽ മുട്ടി. അയൽവാസികൾ ഓടിയെത്തി ആശുപത്രിയിൽ കൊണ്ടുപോകും മുമ്പ് ഗോപു രക്ഷപ്പെട്ടിരുന്നു.
ആശുപത്രിയിലെത്തും മുമ്പേ സംഗീത മരിച്ചിരുന്നു. സംഗീതയുടെ അച്ഛൻ നേരത്തെ ഗോപുവിന്റെ വീട് സന്ദർശിച്ച് ഗോപുവുമായുള്ള അടുപ്പത്തെക്കുറിച്ച് സംസാരിച്ചിരുന്നു. സംഗീത ഗോപുവിൽ നിന്ന് അകലുന്നുവെന്ന ചിന്തയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.