ന്യൂഡൽഹി: പ്രതിരോധ സേനകളിൽ നിന്ന് വിരമിച്ചവർക്കുള്ള ‘ഒരേ റാങ്ക്, ഒരേ പെൻഷൻ’ പദ്ധതി അനുസരിച്ചുള്ള കുടിശ്ശിക നൽകാൻ കാലതാമസം വരുത്തുന്നതിന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം. ഈ മാസം ഇത് രണ്ടാം തവണയാണ് സുപ്രീം കോടതി ഈ വിഷയം പരിഗണിക്കുന്നത്. പെൻഷൻ കുടിശ്ശിക നാലു ഗഡുക്കളായി നൽകുമെന്ന് വ്യക്തമാക്കി ജനുവരിയിൽ കേന്ദ്ര പ്രതിരോധ സെക്രട്ടറി പുറപ്പെടുവിച്ച വിജ്ഞാപനം പിൻ വലിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. വിജ്ഞാപനം സുപ്രീം കോടതി വിധിക്ക് എതിരാണെന്നും നിയമം കൈയിലെടുക്കാൻ പ്രതിരോധ മന്ത്രാലയം ശ്രമിക്കരുതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു.
കുടിശിക വിതരണം ചെയ്യുന്നതിനുള്ള രൂപ രേഖ ഒരാഴ്ചയ്ക്കുള്ളിൽ കൈമാറാനും സുപ്രീം കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകി. പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുന്നതിന് നേരത്തെ രണ്ട് തവണ പ്രഖ്യാപിച്ച സമയപരിധിയും കേന്ദ്ര സർക്കാർ പാലിച്ചിരുന്നില്ല. മാർച്ച് 15 നകം മുഴുവൻ കുടിശ്ശികയും നൽകണമെന്ന് സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.
കുടിശ്ശികയുടെ ആദ്യ ഗഡു മാർച്ച് 31 നകം വിതരണം ചെയ്യുമെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു. 28 ലക്ഷം അപേക്ഷകളിൽ 7 ലക്ഷം തീർപ്പാക്കി. ബാക്കി അപേക്ഷയിൽ ഉടൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഹർജികൾ അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.