കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം. വെള്ളാപ്പള്ളി വര്‍ഗീയത വിളമ്പുന്നുവെന്നു സമസ്ത മുഖപത്രമായ സുപ്രഭാതം ആരോപിച്ചു. സംഘപരിവാറിനെ നാണിപ്പിക്കുന്ന തരത്തില്‍ അവാസ്തവ കാര്യങ്ങള്‍ പറയുന്നു. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് ഉള്‍പ്പെടെയുള്ള കേസുകളില്‍നിന്ന് എങ്ങനെയാണ് അദ്ദേഹം ഊരിപ്പോയത്? ആര്‍എസ്എസിനുള്ള ഒളിസേവയാണു വെള്ളാപ്പള്ളി നടത്തുന്നതെന്നും പത്രം വിമര്‍ശിച്ചു.
പാർലമെന്റിലും സർക്കാർ ഉദ്യോഗങ്ങളിലും മുസ്ലിംകൾ കൂടുതലാണെന്നു പറയുന്ന വെള്ളാപ്പള്ളി കണക്കുകൾ പരിശോധിക്കണം. ഇസ്ലാമോഫോബിയ പടർത്താനാണു വെള്ളാപ്പള്ളിയുടെ ശ്രമമെന്നും സമസ്ത കുറ്റപ്പെടുത്തി. എന്നാൽ താൻ വര്‍ഗീയത വിളമ്പുന്നുവെന്ന സമസ്ത മുഖപത്രത്തിന്റെ വിമര്‍ശനത്തിനു പുല്ലുവിലയേ കല്‍പ്പിക്കുന്നുള്ളൂവെന്നു വെള്ളാപ്പള്ളി പ്രതികരിച്ചു. ആർക്കാണു കൂടുതൽ ആനുകൂല്യങ്ങൾ കിട്ടിയതെന്നു സാമൂഹിക-സാമ്പത്തിക സർവേ നടത്തിയാൽ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.