മനാമ: ബഹ്റൈനിലെ പൊതുസമൂഹത്തിൽ യഥാർത്ഥ സാമൂഹിക പ്രവർത്തനം നടത്തുകയും സ്വന്തം ജീവിതത്തിൽ ഒന്നും സമ്പാദിക്കാൻ കഴിയാതെ പോകുകയും ചെയ്ത ബഹറിൻ മലയാളികളുടെ മനസ്സിൽ ഏറെ ഇടം നേടിയ വ്യക്തിത്വമായിരുന്നു സാം അടൂർ. മരണപ്പെട്ട സാമിൻറെ കുടുംബത്തിനായി വിവിധ സംഘടനകളും കൂട്ടായ്മകളും നടത്തുന്ന സഹായങ്ങൾ ഏറെ മഹത്തരമാണ്. എന്നാൽ സാമിൻറെ കുടുംബത്തിൻറെ പേരിൽ സംഘടനകളും കൂട്ടായ്മകളും നടത്തുന്ന പിരിവിന് സുതാര്യത ആവശ്യമാണ്.
ബഹ്റൈനിൽ സ്വന്തം ശമ്പളം ഉൾപ്പടെ എടുത്ത് ചാരിറ്റി പ്രവർത്തനം നടത്തിയിരുന്ന സാം അടൂരിൻറെ കുടുംബത്തിനെ സഹായിക്കാനായി ചാരിറ്റി പിരിവ് നടത്തുമ്പോൾ സ്ഥിരമായി ചിലർ നടത്തുന്ന തട്ടിപ്പുകൾ സാമിൻറെ പേരിലും നടത്തരുതെന്നും ഓർമ്മപ്പെടുത്തുന്നു. ഈ മുന്നറിയിപ്പ് തട്ടിപ്പു നടത്തുന്നവർക്ക് മാത്രം ബാധകമാണ്.
സാമിന്റെ മൃതദേഹം സംസ്കരിക്കുന്നതിന് മുൻപേ പിരിവ് തുടങ്ങിയതും , ജീവിച്ചിരുന്നപ്പോൾ സാമിനെ സഹായിക്കാതെ ആട്ടിയോടിച്ച ചിലർ ഇന്ന് സാമിൻറെ പേരിൽ കള്ളകണ്ണുനീർ പൊഴിക്കുന്നതും,അഭിനയിക്കുന്നതും, സ്വന്തം പോക്കറ്റ് വീർപ്പിക്കാനാണ് എന്ന് നിരവധി പരാതികൾ വന്നിരുന്നു. ആരോപണ വിധേയവർ ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകൾ തുടരെ നടത്തിവരുന്നവരാണ് എന്നതും സംശയത്തിന് ആക്കം കൂട്ടുന്നു. വൻ തുക പിരിച്ചെടുത്തു നക്കാപ്പിച്ച ചാരിറ്റിയായി നൽകുന്ന പ്രവണത ബഹ്റൈനിലെ മലയാളി സമൂഹത്തിന് അപഹാസ്യമാണ്, തിരുത്തേണ്ടതാണ്.
സാമിനെ കുടുംബത്തിനെ സഹായിക്കേണ്ടത് മലയാളി സമൂഹത്തിന്റെ കടമയാണ്. സഹായിക്കാൻ താല്പര്യം ഉള്ളവർ സാമിൻറെ കുടുംബത്തിന്റെ അക്കൗണ്ടിൽ നേരിട്ട് അയക്കണമെന്നും, അല്ലാത്തപക്ഷം പിരിവെടുക്കുന്നവർ പണം നൽകുന്നവരുടെ വിവരങ്ങളും കണക്കും വ്യക്തമാക്കി ഈ ചാരിറ്റി പ്രവർത്തനം സുതാര്യമാണെന്ന് തെളിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു. ഇത് ആരെയും അപമാനിക്കാനല്ല, നല്ല പ്രവർത്തനം കാഴ്ച വയ്ക്കുന്ന സംഘടനകളെയും കൂട്ടായ്മകളെയും അഭിനന്ദിക്കുന്നതിനൊപ്പം,സാമിൻറെ പേരിലും ഈ കള്ളകളികൾ നടത്താൻ അനുവദിച്ചുകൂട ….അത് നമ്മുടെ കടമയാണ്.